കേരളത്തിൽ മുഴുവൻ സീറ്റിലും യുഡിഎഫ് വിജയിക്കും; വിഡി സതീശൻ
തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് സീറ്റുകളിൽ ഇരുപതിലും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വടകരയില്‍ യുഡിഎഫ് വന്‍ഭൂരിപക്ഷത്തിന് വിജയിക്കും. കേരളത്തില്‍ ഏതെങ്കിലും സ്ഥാനാർഥി ഇതുപോലെ ചെന്നിറങ്ങിയിട്ടുണ്ടോ? ഷാഫി പറമ്പിലിനെ വടകര ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ ഒരു കണക്ക് കൂട്ടലുകളും പിഴയ്ക്കില്ല. ഇരുപതില്‍ ഇരുപത് സീറ്റിലും യുഡിഎഫ് വിജയിക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ഷാഫി നേടിയതിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കും. കോണ്‍ഗ്രസ് ഭരണപക്ഷത്ത് ഇരിക്കാനാണ് മത്സരിക്കുന്നത്. എന്നാൽ സിപിഎം പ്രതിപക്ഷത്ത് ഇരിക്കാനാണ് മത്സരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
സിദ്ധാർഥിന്റെ മരണത്തോടെ ഇതുപോലൊരു അക്രമം ഇനിയും ഉണ്ടാകില്ലെന്ന് വിചാരിച്ചു. എന്നാല്‍ കൊയിലാണ്ടിയില്‍ അമലിനെ വീട്ടില്‍ എത്തിച്ച് ആക്രമിച്ചു. തിരുവനന്തപുരത്ത് കേരള സര്‍വകലാശാല കലോത്സവത്തിന് എത്തിയ കെ എസ് യു നേതാക്കളെയും യൂണിയന് ഭാരവാഹികളെയും എസ് എഫ് ഐ ക്രിമിനലുകള്‍ മര്‍ദ്ദിച്ചു. ഇതിനെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ടെന്നാണ് സതീശന്റെ വിമർശനം.