മനുഷ്യക്കടത്ത്: തിരുവനന്തപുരത്ത് 2 ട്രാവൽ ഏജൻസികൾ പൂട്ടി.

0

 

തിരുവനന്തപുരം: യുക്രെയ്നിൽ യുദ്ധത്തിനായി റഷ്യയ്ക്കു വേണ്ടി മനുഷ്യക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ അടച്ചുപൂട്ടി. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ ഏജൻസികൾ അടച്ചതിനൊപ്പം ഇവിടെ നിന്നു വിദേശത്തേക്ക് പോയവരുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു. ലോക്കൽ പൊലീസിനെ അറിയിക്കാതെയാണു സിബിഐ തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ഏജൻസിയിൽ പരിശോധന നടത്തിയത്.

ഈ ഏജൻസികൾ വഴി റഷ്യയിലേക്കും മനുഷ്യക്കടത്തു നടന്നതായാണു സിബിഐ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം തുമ്പ ഫാത്തിമ ആശുപത്രിക്കടുത്ത് ടീന കോട്ടേജിൽ ഡോമിരാജ് (ടോമി), കഠിനംകുളം തൈവിളാകം തെരുവിൽ റോബർട്ട് അരുളപ്പൻ (റോബോ), തിരുവനന്തപുരം പുത്തൻകുറിച്ചി തൈവിളാകം തെരുവിൽ സജിൻ ഡിക്‌സൺ എന്നിവരാണ് 19 പേരുടെ പ്രതിപ്പട്ടികയിലുള്ള മലയാളികൾ.

സമൂഹമാധ്യമ പ്രചാരണത്തിലൂടെ ഉദ്യോഗാർഥികളെ ആകർഷിച്ച്, മറ്റു ജോലികൾക്ക് എന്ന പേരിൽ പണം വാങ്ങിയാണു ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് ഉദ്യോഗാർഥികളെ റഷ്യയിലേക്ക് അയച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. റഷ്യൻ സർക്കാരിൽ ഓഫിസ് ജോലി, ഹെൽപർ, സെക്യൂരിറ്റി ഓഫിസർ ജോലികളായിരുന്നു വാഗ്ദാനം. ഒരു വർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം ലഭിക്കുമെന്നും ഉറപ്പുനൽകി. 1.95 ലക്ഷം ഇന്ത്യൻ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവൻസും ലഭിക്കുമെന്നു വിശ്വസിപ്പിച്ചു

മെഡിക്കൽ പരിശോധനയ്ക്ക് ശേഷമായിരുന്നു റിക്രൂട്‌മെന്‍റ്. പണം നൽകി അഞ്ചാം ദിവസം വിസ നൽകി. ഒരു വർഷത്തെ കരാറിലാണു കൊണ്ടുപോയത്. ഇങ്ങനെ എത്തിയ 35 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്‍റർപോളുമായി ചേർന്ന് ഇവരെ തിരിച്ചെത്തിക്കാൻ സിബിഐ ശ്രമിക്കുന്നു.ഡൽഹിയിൽ നിന്നു മോസ്‌കോയിലേക്കു നേരിട്ടും ഷാർജ വഴിയും ആയിരുന്നു യാത്ര. റഷ്യയിലെത്തിയ ഉടൻ പാസ്‌പോർട്ട് അവിടത്തെ ഏജന്‍റുമാർ പിടിച്ചെടുത്തു. ആയുധപരിശീലനം നൽകിയശേഷം റഷ്യൻ പട്ടാളത്തിന്‍റെ യൂണിഫോം ധരിപ്പിച്ച് യുദ്ധമുഖത്തെത്തിച്ചതായി സിബിഐ പറയുന്നു.

അതേസമയം, കേരള പൊലീസ് ഈ വിഷയത്തിൽ കേസ് എടുത്തിട്ടില്ല. തീരദേശത്തുനിന്നുള്ള ആരെല്ലാം ഈ ഏജൻസികൾ വഴി വിദേശത്തേക്കു പോയി എന്ന വിവരം ശേഖരിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *