പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടി രൂപയുടെ പ്രാഥമിക അനുമതി.

0

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി പൂഞ്ഞാർ ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 10 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനാണ് അനുമതി ലഭ്യമായിട്ടുള്ളത്. ഇതിനായി ടെൻഡർ ക്ഷണിച്ച് ഡിപിആർ തയ്യാറാക്കുന്നതിന് മദ്രാസ് ആസ്ഥാനമായുള്ള പിതാവടിയൻ ആൻഡ് പാർട്ണേഴ്സ് എന്ന ആർക്കിടെക്ട് സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഒന്നാം ഘട്ടമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വരുന്ന വാഗമണ്ണിന്റെ വിവിധ പ്രദേശങ്ങൾ, കോലാഹലമേട്, തങ്ങൾപാറ, മുരുകൻ മല, കുരിശുമല, കാരികാട്, മുതുകോരമല, മലമേൽ-നാട് നോക്കി , അരുവിക്കച്ചാൽ വെള്ളച്ചാട്ടം, മാർമല അരുവി,വേങ്ങത്താനം അരുവി,ചക്കിപ്പാറ, കൈപ്പള്ളി-കളത്വ, മുത്തനള്ള്, ഊട്ടുപാറ, ചട്ടമ്പി – പെരുവംചിറ, കോട്ടത്താവളം എന്നീ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാണ് ഉൾപ്പെടുത്തുന്നതിന് നിശ്ചയിച്ചിട്ടുള്ളത്.

ഈ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ടൂറിസം സർക്യൂട്ട് രൂപീകരിക്കുകയും, അഡ്വഞ്ചർ ടൂറിസവും, ഫാം ടൂറിസവും, പ്രകൃതിരമണീയത ആസ്വദിക്കുന്നതിനുള്ള വിവിധ ക്രമീകരണങ്ങളും, റോപ്പ് വേ , കേബിൾ കാർ , റോക്ക് ഗാർഡൻ, ഫ്ലവർ ഗാർഡൻ, ബഞ്ചി ജമ്പിങ് തുടങ്ങി ടൂറിസം രംഗത്തെ ആധുനിക സങ്കേതങ്ങളും എല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ടൂറിസം സർക്യൂട്ടാണ് ലക്ഷ്യമിടുന്നത്. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി ടൂറിസം ഡയറക്ടറേറ്റിൽ സമർപ്പിച്ച് അംഗീകാരം വാങ്ങി ആവശ്യമായ സ്ഥല ലഭ്യതയ്ക്ക് റവന്യു വകുപ്പിന്റെ ഉപയോഗ അനുമതിയും ലഭ്യമാക്കി സ്വകാര്യ സംരംഭകരുടെ സഹകരണത്തോടുകൂടി പ്രൈവറ്റ് പബ്ലിക് പാർട്ടിസിപ്പേഷൻ മോഡലിൽ പൂഞ്ഞാർ ടൂറിസം സർക്യൂട്ട് നടപ്പിലാക്കുമെന്നും എംഎൽഎ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *