നീല ചിത്ര നടിയെ മരിച്ച നിലയിൽ കണ്ടെത്തി; മൂന്ന് മാസത്തിനിടെ നടക്കുന്നത് നാലാമത്തെ മരണം
മയാമി: ഫ്ലോറിഡയിലെ നീല ചിത്ര നായികയായ സോഫിയ ലിയോണി (26)യെ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ മയാമിയിലുളള അപ്പാർട്ട്മെന്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ആദ്യമായിരുന്നു സംഭവം. സോഫിയയുടെ മരണവുമായി ബന്ധപ്പെട്ടുളള വിവരം കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയയിലൂടെ ബന്ധുക്കൾ പുറത്തറിയിച്ചത്. മാർച്ച് ആദ്യത്തോടെ വീട്ടുകാർ നടിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നാണ് പരിശോധന സംഘടിപ്പിച്ചത്. ഇതോടെയാണ് മരണവിവരം പുറംലോകം അറിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
സോഫിയയുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട സോഫിയയുടെ വിയോഗവാർത്ത അതീവ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്ക്കേണ്ടിവരുന്നത്. പെട്ടെന്നുള്ള വേർപാട് അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകർത്തുകളഞ്ഞു താരത്തിന്റെ രണ്ടാനച്ഛനായ മൈക്ക് റൊമേറോ സോഷ്യൽമീഡിയയിൽ എഴുതിയിട്ടുണ്ട്. നടിയുടെ സംസ്കാരത്തിനുള്ള ഫണ്ട് ശേഖരണത്തിനായി ഗോ ഫണ്ട് മീ എന്ന വെബ്സൈറ്റ് വഴി കുടുംബം കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു.
മൂന്ന് മാസത്തിനിടെ മരിക്കുന്ന നാലാമത്തെ നീല ചിത്ര താരമാണ് സോഫിയ. ജനുവരിയിൽ വേറൊരു നീല ചിത്ര താരമായ നടിയ ജെസ്സി ജെയ്നിനെ കാമുകൻ ബ്രെറ്റ് ഹസെൻമുളളറിനൊപ്പം ഒക്ലഹോമയിലെ വസതിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെറുവിലെ താരമായ തൈന ഫീൽഡ്സും കാഗ്നി ലിൻ കാർട്ടറും അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ടതും വാർത്തകളായിരുന്നു.