ഓസ്കർ അവാർഡ് പ്രഖ്യാപനം നാളെ: എല്ലാ കണ്ണുകളും ഓപൻഹെയ്മറിൽ
ഓസ്കാർ അവാർഡ് പ്രഖ്യാപനം നാളെ. 96ആമത് ഓസ്കാർ അവാർഡ് പ്രഖ്യാപന ചടങ്ങുകൾ നാളെ ഇന്ത്യൻ സമയം രാവിലെ ഏഴോടെ സമാരംഭിക്കും. ഓപൻഹെയ്മറും ബാർബിയും അടക്കം തീയറ്ററുകളിൽ നിറഞ്ഞ കയ്യടി നേടിയ ചിത്രങ്ങളാകും ഈ വർഷം ഏറ്റുമുട്ടുക.
കഴിഞ്ഞ ഓസ്കാർ അപ്രതീക്ഷിതമായി നാട്ടു നാട്ടു കൊണ്ട് ശ്രദ്ധേയമായെങ്കിൽ, ഇക്കുറി മത്സരചിത്രങ്ങൾ ഏറെകുറെ വ്യക്തമാണ്. 7 ബാഫ്റ്റയും 5 ഗോൾഡൺ ഗ്ലോബും സ്വന്തമാക്കിയ ഓപൻഹെയ്മർ ഇതിനകം തന്നെ ലോക ശ്രദ്ധ നേടി കഴിഞ്ഞു. ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപൻഹെയ്മറിന്റെ കഥ പറയുന്ന സിനിമ ഓസ്കറിലും തല ഉയർത്തി നിൽക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഒരുതരത്തിലുള്ള അട്ടിമറികളും സംഭവിച്ചില്ലെങ്കിൽ മികച്ച ചിത്രം, നടൻ, സംവിധായകൻ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം നോളൻ ചിത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നാണ് പ്രവചനം. നടിമാരുടെ ക്യാറ്റഗറിയിൽ പുവർ തിംഗ്സ് നായിക എമ്മ സ്റ്റോണും, കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ താരം ലിലി ഗ്ലാഡ്സ്റ്റണും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
തീയറ്ററുകളിലും തരംഗം സൃഷ്‌ടിച്ച പുവർതിംഗ്സും, കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണും, ബാർബിയുമൊക്കെ സിനിമാ ആസ്വാദകാരുടെ ഓസ്കർ പ്രതീക്ഷകളാണ്. സംവിധായകയും, നായികയും നോമിനേറ്റ് ചെയ്യാപ്പെടാഞ്ഞത് വിവാദത്തിന് വഴിവെച്ചെങ്കിലും, ബാർബി സംഗീതവിഭാഗത്തിലടക്കം രണ്ടിലധികം അവാർഡുകൾ നേടുമെന്നാണ് പ്രതീക്ഷ.