കര്‍ഷകര്‍ ഇന്ന് ട്രെയിനുകൾ തടയും
ന്യൂ ഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ചിന്റെ ഭാഗമായി ട്രെയിന്‍ തടയല്‍ സമരം സംഘടിപ്പിക്കുന്നു. പഞ്ചാബിലും ഹരിയാനയിലും അറുപതിടങ്ങളില്‍ ഇന്ന് കർഷകർ ട്രെയിൻ തടയും. ഇന്ന് ഉച്ചയ്‌ക്ക് 12 മുതല്‍ വൈകുന്നേരം നാല് വരെയാണ് പ്രതിഷേധം നടക്കുക. കേന്ദ്ര സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.
രണ്ടാം കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്‌ട്രീയേതര വിഭാഗവുമാണ് ട്രെയിനുകള്‍ തടഞ്ഞ് സമരം ചെയ്യുന്നത്. പ്രതിഷേധം നേരിടുന്നതിന്‍റെ ഭാഗമായി അംബാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്ഹിയിൽ എത്തി പ്രതിഷേധം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും കർഷകർ ആഹ്വാനം ചെയ്തു.
പൊലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിവിധ പ്രദേശങ്ങളിലായി വിന്യസിച്ചിട്ടുമുണ്ട്. വിളകൾക്ക് പരമാവധി താങ്ങ് വില ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം നടത്തുന്നത്. വിളകൾക്കെല്ലാം ന്യായമായ വില ലഭിക്കണമെന്ന തങ്ങളുടെ ആവശ്യത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് കയ്യൊഴിയാൻ സാധിക്കില്ലെന്ന് കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലെവാൾ പറഞ്ഞു. കേന്ദ്ര സർക്കാർ 1.38 ലക്ഷം രൂപയ്‌ക്ക് പാം ഓയിൽ ഇറക്കുമതി ചെയ്യുന്നു. എന്നാൽ വിളകൾക്ക് താങ്ങ് വില നൽകാൻ തയ്യാറാകുന്നില്ല എന്നാണ് അറിയിക്കുന്നത്.