അരുണ്‍ ഗോയലിന്റെ രാജി ബാധിക്കില്ല: തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ഞായറാഴ്ചയ്‌ക്ക് മുന്‍പ് ഉണ്ടാകും
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിന്റെ രാജി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ബാധിക്കില്ല. അടുത്ത ഞായറാഴ്ചയ്‌ക്ക് മുന്‍പ് പ്രഖ്യാപനം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഈ മാസം 12ന് നിശ്ചയിച്ചിരിക്കുന്ന അരുണ്‍ ഗോയലിന്റെ കശ്മീര്‍ സന്ദര്‍ശനവും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അരുണ്‍ ഗോയല്‍ രാജിവച്ചതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. രാജിയില്‍ നിന്ന് പിന്മാറണണെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും അരുണ്‍ ഗോയല്‍ രാജി സമര്‍പ്പിക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജി വെച്ചത്. അരുണ്‍ ഗോയലിന്റെ രാജി പ്രസിഡന്റ് ദ്രൗപതി മുര്‍മു സ്വീകരിച്ചു. ഇതോടെ കമ്മീഷന്‍ പാനലില്‍ ഒഴിവുകളുടെ എണ്ണം രണ്ടായി ഉയര്‍ന്നു.