കട്ടപ്പന കൊലപാതകം: ഇന്ന് വീടിന്റെ തറപൊളിച്ച് മൃതദേഹം പുറത്തെടുക്കും
കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിൽ കൊല്ലപ്പെട്ട വിജയന്റെ ഭാര്യയ്‌ക്കും മകനും പങ്കെന്ന് എഫ്ഐആർ. നവജാത ശിശു ഉള്‍പ്പെടെ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെയും, മകന്‍ വിഷ്ണുവിനെയും പൊലീസ് പ്രതി ചേർത്തു.
കഴിഞ്ഞ ഓഗസ്റ്റിലാണ് വിജയനെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ നിതീഷ് തലയ്‌ക്ക് ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുന്നത്. ശേഷം വിജയന്റെ ഭാര്യയുടെയും മകന്റെയും സഹായത്തോടെ വീട്ടിലെ ഒരു മുറിയിൽ മറവു ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ വീടിന്റെ തറപൊളിച്ച് പരിശോധിക്കും. മൃതദേഹം വീട്ടില്‍ കുഴിച്ചിട്ടെന്ന പ്രതി നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീടിന്റെ തറ പൊളിച്ച് പരിശോധിക്കുന്നത്.
2016ലാണ് ആദ്യ കൊലപാതകം നടക്കുന്നത്. വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയാണ് ആദ്യം കൊലപ്പെടുത്തുന്നത്. അവിവാഹിതയായ യുവതിക്ക് നിതീഷിലുണ്ടായ കുഞ്ഞിനെ നാണക്കേട് മറയ്‌ക്കാന്‍ കൊല്ലപ്പെട്ട വിജയനും നിതീഷും ചേർന്നാണ് കൊന്നത്. ശേഷം കുഞ്ഞിന്റെ മൃതദേഹം പഴയവീട്ടിലെ തൊഴുത്തിൽ മറവു ചെയ്തു. കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യാൻ വിഷ്ണുവിന്റെ സഹായം ലഭിച്ചുവെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.
വർക് ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. വീട്ടിൽ തൊണ്ടിമുതൽ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് വീട്ടിൽ എത്തിയപ്പോഴാണ് പൂട്ടിയിട്ട നിലയിൽ വിഷ്ണുവിന്റെ അമ്മയേയും സഹോദരിയേയും കണ്ടെത്തുന്നത്. ഇവരിൽ നിന്നാണ് കൊലപാതക വിവരം ലഭിക്കുന്നത്. വീട്ടില്‍ ചില പൂജകളും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു.