വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടനെത്തുമെന്ന് റെയിൽവേ മന്ത്രി; അശ്വിനി വൈഷ്ണവ്.
ബംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ആറ് മാസത്തിനകം ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അഞ്ചു മാസത്തിനുള്ളിൽ ട്രയൽ റൺ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
160 കി.മീ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ യാത്രാസമയം ഗണ്യമായി കുറയ്‌ക്കും. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് ഈ ട്രെയിനിന് മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജധാനി എക്‌സ്പ്രസ് ട്രെയിനുകളേക്കാൾ മികച്ച കുഷ്യനുകളുള്ള കൂടുതൽ സുഖപ്രദമായ ബർത്തുകൾ, സാധാരണ സ്ഥലങ്ങളിൽ സെൻസർ അധിഷ്ഠിത ലൈറ്റിങ്, ഭിന്നശേഷിക്കാർക്കായി പ്രത്യേക ബെർത്തുകളും ടോയ്‌ലറ്റുകളും, ഓട്ടോമാറ്റിക് എക്സ്റ്റീരിയർ പാസഞ്ചർ വാതിലുകൾ തുടങ്ങി ആധുനിക യാത്രാ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ബിഇഎംഎൽ നിർമ്മിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ വയർലെസ് നിയന്ത്രണ സംവിധാനമടക്കമുള്ളവയുണ്ടാകും. ആദ്യ പ്രോട്ടോടൈപ്പ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ 11 എസി 3 ടയർ കോച്ചുകളും 4 എസി 2 ടയർ കോച്ചുകളും, ഒരു എസി ഒന്നാം കോച്ചും ഉണ്ടാകും.റെയില്‍വെ ഇതുവരെ 41 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളും രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആരംഭിച്ചിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനുകള്‍, വന്ദേ സ്ലീപ്പര്‍, വന്ദേ മെട്രോ എന്നിങ്ങനെ മൂന്ന് ഫോര്‍മാറ്റുകളില്‍ വന്ദേ ഭാരത് അവതരിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.