കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഭൂഗർഭ പ്രവേശനപാതയ്ക്ക് നിർമാണ തുടക്കം

0

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും ജീവനക്കാർക്കും അപകടരഹിതമായി റോഡ് മുറിച്ചു കടക്കുന്നതിനുള്ള ഭൂഗർഭ പാതയുടെ നിർമാണാദ്ഘോടനം നിർവഹിച്ച് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ആറു മാസം കൊണ്ട് നിർമാണം പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നു മാസം കൊണ്ടുതന്നെ പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് കരാറുകാരായ പാലത്ര കൺസ്ട്രക്ഷൻസ് അറിയിച്ചുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആധുനിക രീതിയിൽ പണി കഴിപ്പിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ പ്രവേശന കവാടത്തിൻ്റെ നിർമാണോദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.

മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പൊതു ശ്മശാനം നിർമിക്കുന്നതിന് ഒരു കോടി രൂപ എം.എൽ. എ . ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മെഡിക്കൽ കോളേജിലേയ്ക്കുള്ള എട്ടു റോഡുകൾ റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 122 കോടി രൂപ ചെലവിട്ടു നവീകരിച്ചു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് വകുപ്പ് റോഡുകളും ബി എം ബിസി നിലവാരത്തിൽ നവീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

രോഗികളും സന്ദർശകരും ജീവനക്കാരും അടക്കം ദിവസവും പതിനായിരത്തോളം പേരെത്തുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകടരഹിതമായ സഞ്ചാരമൊരുക്കുന്നതിന് 1.30 കോടി രൂപ ചെലവിട്ടാണ് ആധുനികരീതിയിൽ ഭൂഗർഭപാത നിർമിക്കുന്നത്. അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനരികെയുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിനു സമീപത്തുനിന്നാണ് തുടങ്ങുന്നത്. അവിടെ നിന്നു മെഡിക്കൽ കോളജ് ബൈപ്പാസ് റോഡ് കുറുകെ കടന്ന് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിനു സമീപം അവസാനിക്കുന്ന രീതിയിലാണ് പാത രൂപകൽപന ചെയ്തിട്ടുള്ളത്.

18.576 മീറ്ററാണ് ഭൂഗർഭപാതയുടെ ആകെ നീളം. അഞ്ചുമീറ്ററാണ് വീതി. ഉയരം 3.5 മീറ്ററും. പാതയിൽ ആധുനിക രീതിയിലുളള വെളിച്ചസംവിധാനങ്ങൾ ഒരുക്കും. രോഗികൾക്കു ബുദ്ധിമുട്ട് ഉണ്ടാകുന്ന പക്ഷം വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും പാതയ്ക്കുള്ളിൽ ഒരുക്കും. രണ്ടുവർഷം മുമ്പ് ഏറ്റുമാനൂർ മണ്ഡലത്തിലെ വികസനപദ്ധതികളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറിലാണ് ഭൂഗർഭപാത എന്ന ആശയം ഉന്നയിക്കപ്പടുന്നത്.

മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു സമീപം നടന്ന ചടങ്ങിൽ ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് അദ്ധ്യക്ഷതവഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.
ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അരുൺ ഫിലിപ്പ്, എൽ.കെ. ഹരിക്കുട്ടൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ: ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ.എസ്. ശങ്കർ, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, ഡോ. സാം ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *