റാഫയിലും ഖാൻ യൂനിസിലും ആക്രമണം : 78 പേർ കൊല്ലപ്പെട്ടു.

0

ഗാസ: കെയ്‌റോയിലെ വെടിനിർത്തൽ ചർച്ചയ്ക്ക്‌ പിന്നാലെ ഗാസയിലാകെ വ്യാപക ആക്രമണം തുടർന്ന്‌ ഇസ്രയേൽ. ദേർ അൽ ബലായിൽ നടത്തിയ ആക്രമണത്തിൽ 11 പേർകൂടി കൊല്ലപ്പെട്ടു. റാഫയിലും ഖാൻ യൂനിസിലും കടുത്ത ആക്രമണമാണ്‌ നടത്തുന്നത്‌. ആകെ 78 പേർ കൊല്ലപ്പെട്ടു. ജീവകാരുണ്യ സഹായത്തിനുള്ള വസ്‌തുക്കൾ പാരച്യൂട്ടിൽനിന്ന്‌ വീണുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 30,878 ആയി.

പ്രതിദിനം 63 സ്ത്രീകൾ കൊല്ലപ്പെടുന്നതായി ഐക്യരാഷ്‌ട്ര സംഘടനയുടെ പലസ്‌തീൻ അഭയാർഥി ഏജൻസി അറിയിച്ചു. ഗാസയിലെ 95 ശതമാനം ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കടുത്ത പട്ടിണിയിലാണ്‌. ഇസ്രയേൽ ആക്രമണം തുടങ്ങിയശേഷം കുറഞ്ഞത് 8900 സ്ത്രീകളെങ്കിലും കൊല്ലപ്പെട്ടതായി പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടുണ്ട്‌. പരിക്കേറ്റവരിൽ 75 ശതമാനം സ്‌ത്രീകളാണ്‌. കാണാതായവരിൽ 70 ശതമാനവും സ്‌ത്രീകളും കുട്ടികളുമാണെന്നും പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. കടുത്ത പട്ടിണി അനുഭവിക്കുന്ന സ്‌ത്രീകൾ ഗാസയിൽ ചാപിള്ളയെ പ്രസവിക്കുകയാണെന്ന്‌ സന്നദ്ധ സംഘടനയായ ആക്‌ഷൻ എയ്‌ഡ്‌ ഇന്റർനാഷണൽ വ്യക്തമാക്കി. ഗാസയെ മുഴുപ്പട്ടിണിയിൽനിന്ന്‌ രക്ഷിക്കാൻ അടിയന്തര നടപടി എടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദക്ഷിണാഫ്രിക്ക കഴിഞ്ഞദിവസം അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *