കോട്ടയം മെഡിക്കൽ കോളജിലെ ഭൂഗർഭ പാത നിർമാണ ഉദ്ഘാടനം നാളെ

0

 

ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗർഭ പാതയുടെ നിർമാണ ഉദ്ഘാടനം സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നാളെ നിർവ്വഹിക്കും. രാവിലെ 9 മണിക്ക് മെഡിക്കൽ കോളജിൽ നടക്കുന്ന ചടങ്ങിൽ ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് അദ്ധ്യക്ഷതവഹിക്കുന്ന യോഗത്തിൽ തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ: ജയകുമാർ സ്വാഗതം ആശംസിക്കും.

1.29 കോടി രൂപ ചെലവിട്ട് ആധുനികരീതിയിൽ നിർമിക്കുന്ന ഭൂഗർഭപാത മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനരികെയുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിനു സമീപത്തുനിന്നാണ് തുടങ്ങുന്നത്. അവിടെ നിന്നു മെഡിക്കൽ കോളജ് ബൈപ്പാസ് റോഡ് കുറുകെ കടന്ന് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിനു സമീപം അവസാനിക്കുന്ന രീതിയിലാണ് പാത രൂപകൽപന ചെയ്തിട്ടുള്ളത്.

18.576 മീറ്ററാണ് ഭൂഗർഭപാതയുടെ ആകെ നീളം. അഞ്ചുമീറ്ററാണ് വീതി. ഉയരം 3.5 മീറ്ററും. പാതയിൽ ആധുനിക രീതിയിലുളള വെളിച്ചസംവിധാനങ്ങൾ ഒരുക്കും. രോഗികൾക്കു ബുദ്ധിമുട്ട് ഉണ്ടാകുന്ന പക്ഷം വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും പാതയ്ക്കുള്ളിൽ ഒരുക്കും. ഒ.പിയിലെത്തുന്ന മൂവായിരം പേരടക്കം ഏഴായിരത്തോളം പേരാണ് മെഡിക്കൽ കോളജിൽ പ്രതിദിനം സന്ദർശനത്തിനെത്തുന്നത്. വാഹനങ്ങളുടെയും റോഡ് കുറുകെ കടക്കുന്ന കാൽനടക്കാരുടെയും ബാഹുല്യം കൊണ്ട് നിരവധി അപകടങ്ങൾക്കു വഴിവച്ചിരുന്ന മെഡിക്കൽ കോളജിന് മുന്നിലെ റോഡിൽ അടിപ്പാത വേണമെന്നു ദീർഘനാളായുള്ള ആവശ്യമായിരുന്നു. രണ്ടുവർഷം മുമ്പ് ഏറ്റുമാനൂർ മണ്ഡലത്തിലെ വികസനപദ്ധതികളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറിലാണ് മന്ത്രി ഭൂഗർഭപാത എന്ന ആശയം മുന്നോട്ടുവച്ചത്. അതാണ് ഇപ്പോൾ യഥാർത്ഥ്യമാവുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *