റേഷൻ കാർഡ് മസ്റ്ററിംഗ് ഇനി വീടുകളിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് പുരോഗമിക്കുകയാണ്. മാർച്ച് 31 വരെയാണ് സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങൾക്ക് അതാത് റേഷൻകടകൾ വഴി മസ്റ്ററിംഗ് നടത്തുന്നതിനായി അനുവദിച്ചിട്ടുള്ള സമയപരിധി. മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ റേഷൻ കാർഡ് അംഗങ്ങളായി ഉണ്ടെങ്കിൽ അവരുടെ മസ്റ്ററിങ് നടത്തുന്നതിനായി രണ്ടാംഘട്ട മസ്റ്ററിങ് സമയത്ത് ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിച്ച് മസ്റ്ററിംഗ് നടത്തുന്നതിന് നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യവകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
റേഷൻ കടകളിൽ പോയി പ്രായം ചെന്നവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, ഗർഭിണികൾ എന്നിവർക്ക് മസ്റ്ററിംഗ് നടത്തുന്നതിനുള്ള ബുദ്ധിമുട്ടും നിലവിൽ റേഷൻകടകളിൽ അനുഭവപ്പെടുന്ന തിരക്കും കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്.
നിവേദനം സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ സിവിൽ സപ്ലൈ ഡയറക്ടർക്ക് ഭക്ഷ്യവകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ വിഷയത്തിൽ ആശ്വാസകരമായ നിലപാട് എടുക്കുകയായിരുന്നു.
ഏപ്രിൽ 1 മുതൽ മസ്റ്ററിംഗ് നടത്താത്ത റേഷൻ കാർഡ് അംഗങ്ങൾക്ക് റേഷൻ ആനുകൂല്യം ലഭിക്കില്ല എന്ന സർക്കാർ തീരുമാനത്തിൽ ആശങ്ക നേരിടുന്ന ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക്ഈ തീരുമാനം വളരെയധികം ആശ്വാസം പകരുന്നതാണ്.