ശ്രീനിലയത്തിലെ രസതന്ത്രശാല;  കുട്ടികൾക്ക് ഉപയോഗിക്കാം സൗജന്യമായി 

0
IMG 20260712 WA0009

കൂവപ്പടി ജി. ഹരികുമാർ

കൊച്ചി / പെരുമ്പാവൂർ: രസതന്ത്രം പാഠപുസ്തകത്തിലെ അക്ഷരങ്ങളിൽ ഒതുങ്ങേണ്ട വിഷയമല്ല; സ്വന്തം കൈകളിലൂടെ പരീക്ഷിച്ചും കണ്ടും മനസ്സിലാക്കുമ്പോഴാണ് അതിന്റെ യഥാർത്ഥ സൗന്ദര്യം തിരിച്ചറിയാനാകുക. ഈ വിശ്വാസം പ്രവർത്തിപഥത്തിൽക്കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് കോടനാട് ആനക്കളരിക്ക് സമീപം ശ്രീനിലയത്തിൽ താമസിക്കുന്ന ശ്രീനി. വീട്ടിലെ ഔട്ട് ഹൗസിൽ ഒരുക്കിയിരിക്കുന്ന ചെറു രസതന്ത്ര പരീക്ഷണശാലയിലൂടെ ശാസ്ത്രകുതുകികളായ വിദ്യാർഥികൾക്ക് പൂർണമായും സൗജന്യമായി രസതന്ത്രവിജ്ഞാനീയം നേടിയെടുക്കാം. 2019 മുതൽ ശ്രീനിയുടെ വീട്ടിൽ ഈ കൊച്ചു പരീക്ഷണശാലയുണ്ട്. ഏഴാം ക്ലാസ് മുതൽ കോളേജ് തലത്തിൽ വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് രസതന്ത്രം, ഭൗതികശാസ്ത്രം, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങൾ പ്രായോഗിക പരീക്ഷണങ്ങളിലൂടെ പരിചയപ്പെടുത്തുന്നു.

രസതന്ത്രത്തെ അറിയുന്നതിനായി നൂറ്റിയമ്പതിലധികം രാസവസ്തുക്കൾ ഇതിനായി ഒരുക്കിയിട്ടുണ്ടെന്ന് ശ്രീനി പറയുന്നു. കോവിഡ് കാലത്ത് വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തിയിരുന്ന മക്കളായ ആദിത്യനും അദിതിക്കും ശാസ്ത്രപഠനം കൂടുതൽ ലളിതവും പ്രായോഗികവുമാക്കണമെന്ന ആശയത്തിലാണ് ഈ രാസപരീക്ഷണശാല ആരംഭിച്ചത്. കുട്ടികൾക്ക് ഏറെ പ്രയോജനപ്പെട്ട ഈ ലബോറട്ടറിയിലെ രാസവസ്തുക്കൾ മറ്റു വിദ്യാർഥികൾക്കുകൂടി സൗജന്യമായി ഉപയോഗപ്പെടുത്താൻ തയ്യാറായിരിക്കുകയാണ് ഈ ശാസ്ത്രസ്നേഹി. 1987-ൽ കോടനാട് മാർ ഔഗേൻ ഹൈസ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രീനിക്ക് ശാസ്ത്രവിഷയങ്ങളോടുള്ള അഭിനിവേശം വളർന്നത്. താത്പര്യം തിരിച്ചറിഞ്ഞ അധ്യാപകർ സ്‌കൂൾ ലബോറട്ടറിയുടെ താക്കോൽ പോലും അദ്ദേഹത്തെ വിശ്വസിച്ച് ഏൽപ്പിച്ചിരുന്നു.

പഠനസമയത്തിന്റെ ഭൂരിഭാഗവും ലബോറട്ടറിയിൽ ചെലവഴിച്ച അദ്ദേഹം പിന്നീട് നിരവധി ഗണിത-ശാസ്ത്ര പ്രദർശനങ്ങളിൽ സ്‌കൂളിനെ പ്രതിനിധീകരിച്ചും പങ്കെടുത്തു. ശാസ്ത്രപഠനം കേവലം സിദ്ധാന്തങ്ങളിൽ ഒതുങ്ങാതെ പരീക്ഷണങ്ങളിലൂടെ അനുഭവിച്ചറിയുമ്പോഴാണ് കുട്ടികളിൽ ശാസ്ത്രീയ ചിന്തയും അന്വേഷണ മനോഭാവവും വളരുന്നതെന്ന് ശ്രീനി പറയുന്നു. ഇന്ന് പല സ്‌കൂളുകളിലും ലബോറട്ടറികളുടെ ഉപയോഗം പരിമിതമായ സാഹചര്യത്തിലാണ് കുട്ടികൾക്കായി ഇത്തരം അവസരം ഒരുക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വിവിധ വർണങ്ങളിലുള്ള രാസവസ്തുക്കളും അവ തമ്മിൽ ചേർന്നുണ്ടാകുന്ന മാറ്റങ്ങളും കുട്ടികളിൽ രസതന്ത്രത്തോടുള്ള കൗതുകം വർധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രക്ഷിതാക്കൾക്കൊപ്പമോ കൂട്ടമായോ മുൻകൂട്ടി അറിയിച്ച് എത്തുന്ന വിദ്യാർഥികൾക്ക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തി കാണിച്ചുകൊടുക്കുകയും സ്വയം ചെയ്തുനോക്കാനുള്ള അവസരം നൽകുകയുമാണ് ലക്ഷ്യം. കുട്ടികളുടെ സംശയങ്ങൾ ദൂരീകരിച്ച്‌ നൽകാനും ശ്രീനി എപ്പോഴും സന്നദ്ധനാണ്. ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്ന രാസവസ്തുക്കൾ ഗുണനിലവാരം നഷ്ടപ്പെടുന്നതിന് മുമ്പ് വിദ്യാർഥികളുടെ പഠനത്തിനായി പ്രയോജനപ്പെടുത്തുക എന്ന തോന്നലിൽ ആണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്.

ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ നേടിയ ശ്രീനി ഇപ്പോൾ കമ്പ്യൂട്ടർ അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നു. പെരുമ്പാവൂരിൽ സ്വന്തമായി സ്ഥാപനവും നടത്തുന്നു. ഒഴിവുസമയങ്ങളിൽ പഠന-ഗവേഷണ പ്രവർത്തനങ്ങളിൽ മുഴുകുന്ന അദ്ദേഹം എഞ്ചിനീയറിംഗ് ബിരുദധാരികൾക്കായി പ്രാക്ടിക്കൽ ക്ലാസുകളും കൈകാര്യം ചെയ്യുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കോടനാട് യൂണിറ്റുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ശ്രീനി ശാസ്ത്രം, സാഹിത്യം, കല എന്നിവയെ ആസ്പദമാക്കി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. സ്വന്തം കൈകൊണ്ട് നിർമിച്ച ടെലസ്കോപ്പിലൂടെ കുട്ടികൾക്കായി സൗജന്യ വാനനിരീക്ഷണ പരിപാടികൾ സംഘടിപ്പിച്ച് ഇതിനുമുമ്പും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. പെരുമ്പാവൂരിലെ ടാക്സ് കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രസീതയാണ് ഭാര്യ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *