ഹൂതി മിസൈൽ ആക്രമണം; മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു
ചെങ്കടലിൽ ചരക്കുകപ്പലിനു നേരെ ഹൂതി മിസൈൽ ആക്രമണം. ആക്രമണത്തിൽ കപ്പൽ ജീവനക്കാരായ 3 പേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. 3 പേരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണത്തിൽ കപ്പലിന് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതാദ്യമായാണ് ചെങ്കടലിൽ ആക്രമണത്തിൽ കപ്പലിലെ ജീവനക്കാർ കൊല്ലപ്പെടുന്നത്.
ഏദൻ കടലിടുക്കിൽ വച്ചാണ് കരീബിയൻ രാജ്യമായ ബാർബഡോസിന്റെ പതാകയുള്ള ചരക്കു കപ്പലിനു നേർക്ക് ഹൂതി വിമതരുടെ മിസൈൽ ആക്രമണം നടക്കുന്നത്. ലൈബീരിയയുടെ ഉടമസ്ഥതയിലുള്ളതാണ് ആക്രമണത്തിനിരയായ ട്രൂ കോൺഫിഡന്റ് എന്ന കപ്പൽ. ബാർബഡോസിലേക്ക് സർവീസ് നടത്തുകയായിരുന്നു. ആക്രമണത്തിൽ കപ്പലിനു തീപിടിച്ചതായി വിവരമുണ്ട്.
ഇസ്രയേലിന്റെ പലസ്തീൻ ആക്രമണത്തിനു പിന്നാലെ കഴിഞ്ഞ നവംബർ മുതലാണ് ഹൂതി വിമതർ ചെങ്കടലിൽ കപ്പലുകൾക്കു നേരെ ആക്രമണം ആരംഭിച്ചത്. 2 ദിവസത്തിനിടെ നടത്തുന്ന അഞ്ചാമത്തെ ആക്രമണമാണിത്.