കെ- റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ശബരി കെ- റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കും. ഉദ്ഘാടനം മഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നിര്‍വഹിക്കും. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് മന്ത്രി ജി.ആർ അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയാണ് അരി വിതരണം ചെയ്യുക. ജയ അരി കിലോയ്ക്ക് 29 രൂപ നിരയ്ക്കിലും മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമായിരിക്കും വിതരണം. ഓരോ മേഖലയിലും വ്യത്യസ്ത അരികളാകും സപ്ലൈകോ കേന്ദ്രങ്ങളിലെത്തുക.
തിരുവനന്തപുരം ഭാഗത്ത് ജയ അരിയും കോട്ടയം എറണാകുളം മേഖലയില്‍ മട്ട അരിയും പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. റേഷന്‍ കാര്‍ഡ് ഒന്നിന് ഒരുമാസം അഞ്ചുകിലോ അരിയുടെ പാക്കറ്റ് നല്‍കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
സപ്ലൈകോ സബ്സിഡിയായി കാര്‍ഡ് ഒന്നിന് നല്കി വന്നിരുന്ന 10 കിലോ അരി നിലവിലും തുടരും. ശബരി കെ-റൈസ് അതിന്റെ ഭാഗം തന്നെയാണെന്നും മന്ത്രി പറഞ്ഞു.