പത്മജ വേണുഗോപാൽ ബി.ജെ.പി.യിലേക്ക്; ഇന്ന് ബി.ജെ.പി.യിൽ ചേരും
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്. വ്യാഴാഴ്ച ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും. കഴിഞ്ഞ തവണ തൃശൂരിൽ കോൺഗ്രസിന്‍റെ സ്ഥാനാർഥിയായിരുന്നു പത്മജ. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നുവെങ്കിലും ഫെയ്സ്ബുക്കിലൂടെ പത്മജ ഇക്കാര്യം തള്ളിയിരുന്നു. അതിനു പിന്നാലെയാണ് പാർട്ടി വിടുന്നതായി സ്ഥിരീകരിച്ചത്.
കോൺഗ്രസ് തന്നെ നിരന്തരമായി അവഗണിക്കുന്നതായി പത്മജ ആരോപിച്ചിരുന്നു. കോൺഗ്രസിന്‍റെ സ്ഥാനാർഥിപ്പട്ടിക പുറത്തു വരാൻ ഇരിക്കേയാണ് പത്മജയുടെ കാലുമാറ്റം. ബിജെപിയുടെ സ്ഥാനാർഥി പട്ടികയും പൂർത്തിയായിട്ടില്ല. എവിടെ നിന്നാണ് ഈ വാർത്ത വന്നതെന്നറിയില്ല. ബിജെപിയിൽ ചേരുമോ എന്നുള്ള ഒരു ചാനലിന്‍റെ ചോദ്യത്തിന് തമാശയായാണ് മറുപടി നൽകിയത്. അത് ഇങ്ങനെ വ്യാഖ്യാനിക്കുമെന്ന് കരുതിയില്ലെന്നാണ് പത്മജ ഫെയ്സ് ബുക്കിൽ കുറിച്ചിരുന്നത്.