നിയമസഭ പാസ്സാക്കിയ ക്ഷീര സംഘം സഹകരണ ബില്ലും രാഷ്ട്രപതി തള്ളി

0

തിരുവനന്തപുരം: സർവകലാശാലാ നിയമഭേദഗതി ബില്ലുകൾ തിരിച്ചയച്ചതിന് പിന്നാലെ, സംസ്ഥാന നിയമസഭ പാസാക്കിയ ക്ഷീര സംഘം സഹകരണ ബില്ലും രാഷ്‌ട്രപതി ദ്രൗപദി മുർമു തള്ളി. ഏറെ നാള്‍ തടഞ്ഞുവച്ച ഇതുള്‍പ്പെടെയുള്ള ഏഴു ബില്ലുകള്‍ കഴിഞ്ഞ മാസമാണ് സുപ്രീം കോടതി ഇടപെടലിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്‌ട്രപതിക്ക് അയച്ചത്. മില്‍മ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നുവെന്ന് ആക്ഷേപമുയര്‍ന്ന ക്ഷീര സംഘം സഹകരണ ബില്ലിനാണ് രാഷ്‌ട്രപതി അനുമതി നിഷേധിച്ചിരിക്കുന്നത്. ക്ഷീര സംഘം അഡ്മിനിസ്‌ട്രേറ്റര്‍ക്കും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അധികാരം നല്‍കുന്നതായിരുന്നു ബില്ലിലെ നിര്‍ദേശം. ഇതിലൂടെ മില്‍മയുടെ ഭരണം പിടിക്കാമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടൽ എന്നായിരുന്നു ഉയര്‍ന്ന ആക്ഷേപം.

ഗവര്‍ണര്‍ ഒപ്പിടാതെ തടഞ്ഞുവച്ച് അയച്ച 7 ബില്ലുകളിൽ ലോകായുക്ത ബില്ലിന് മാത്രമാണ് മാത്രമാണ് രാഷ്‌ട്രപതി അംഗീകാരം നല്‍കിയത്. ക്ഷീര സംഘം സഹകരണ ബില്ലും തള്ളിയതോടെ ഏഴു ബില്ലുകളില്‍ രാഷ്‌ട്രപതി നിരാകരിച്ച ബില്ലുകളുടെ എണ്ണം നാലായി. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാലാ നിയമ ഭേദഗതി ബില്ലിനും വൈസ് ചാന്‍സലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ലിനും രാഷ്‌ട്രപതി അനുമതി നല്‍കിയിരുന്നില്ല. ഈ മൂന്ന് ബില്ലുകളും രാഷ്‌ട്രപതിയുടെ ഓഫീസ് തിരിച്ചയയ്ക്കുകയായിരുന്നു. ഇനി രണ്ട് ബില്ലുകളില്‍ കൂടിയാണ് രാഷ്‌ട്രപതിയുടെ തീരുമാനം വരാനുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *