പ്രക്ഷോഭകാരികള്‍ ദൈവത്തിന്റെ ശത്രുക്കൾ : ഇറാന്‍

ടെഹ്‌റാന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോള്‍ സാഹചര്യങ്ങള്‍ ഇറാനിലെ രൂക്ഷമാകുന്നു. പ്രക്ഷോഭകരെ ശക്തമായി നേരിടുമെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കുമ്പോള്‍, പ്രക്ഷോഭകാരികള്‍ക്ക് അന്താരാഷ്ട്ര പിന്തുണയും വര്‍ധിക്കുകയാണ്. പ്രതിഷേധങ്ങളെ ‘അക്രമപരമായ അട്ടിമറി ശ്രമങ്ങള്‍ എന്നും, നശീകരണ പ്രവര്‍ത്തനം എന്നുമാണ് ഇറാന്‍ ഭരണകൂടം വിശേഷിപ്പിക്കുന്നത്.പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ ‘ദൈവത്തിന്റെ ശത്രുവായി’ കണക്കാക്കുമെന്നും വധശിക്ഷ നല്‍കുമെന്നും ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നല്‍കി. അമേരിക്ക നല്‍കിയ മുന്നറിയിപ്പുകള്‍ തള്ളി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി രംഗത്തെത്തിയതിന് പിന്നാലെയാണ് അറ്റോര്‍ണി ജനറല്‍ നിലപാട് കടുപ്പിക്കുന്നത്.
കലാപകാരികളെ സഹായിച്ചവര്‍ പോലും കുറ്റം നേരിടേണ്ടിവരുമെന്നാണ് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചത്. രാജ്യത്തെ ഒറ്റിക്കൊടുക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്യുന്നത്. അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകൊണ്ട്, രാജ്യത്തിന്റെ മേല്‍ വിദേശ ആധിപത്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഇത്തരക്കാരെ യാതൊരു അനുകമ്പയും ഇല്ലാതെ നേരിടും എന്നാണ് പ്രസ്താവനയുടെ ചുരുക്കം.അതിനിടെ, ഇറാനിലെ സംഭവങ്ങളില്‍ ഐക്യരാഷ്ട്രസഭ ആശങ്ക അറിയിച്ചു. അസ്വസ്ഥത ഉണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. സമാധാനപരമായി പ്രകടനം നടത്താന്‍ ‘ലോകത്തെവിടെയുമുള്ള അവകാശമുണ്ട്, ആ അവകാശം സംരക്ഷിക്കാനും ഉറപ്പാക്കാനും സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.
