തിരുവൈരാണിക്കുളം നടതുറപ്പു മഹോത്സവം : സുരക്ഷക്ക് 350 ഓളം പോലീസുകാർ
തിരുവൈരാണിക്കുളം ശ്രീ മഹാദേവക്ഷേത്രത്തിൽ നടതുറപ്പു മഹോത്സവത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾക്ക് 350 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും, പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടാകും. മഫ്ടിയിലും പോലീസുണ്ടാകും. ലഹരി വിരുദ്ധ സ്ക്വാഡും പരിശോധന നടത്തും. ജനുവരി 2 വൈകീട്ട് 4 മുതൽ 13 രാത്രി 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാറമ്പിള്ളിയിൽ നിന്ന് ശ്രീമൂലം പാലം വഴിയും വാര്യാട്ടുപുരം പുതിയേടം എന്നിവിടങ്ങളിൽ നിന്ന് തിരുവിരാണിക്കുളം വഴി മാറമ്പിള്ളിയിലേക്കുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം പൂർണമായും നിയന്ത്രിച്ചിട്ടുണ്ട്. ബദൽ റൂട്ടുകളായ വല്ലം പാലം ചൊവ്വര പാലം എന്നിവ ഇതിനായി ഉപയോഗിക്കേണ്ടതാണ്. ശനി ഞായർ ഉൾപ്പെടെ തിരുവൈരാണികളം ജംഗ്ഷനിൽ ഗതാഗത തടസമുണ്ടായാൽ മാറമ്പിള്ളി ഭാഗത്ത് നിന്ന് ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ വാഹനങ്ങൾ അകവൂർമനപ്പടിയിൽ നിയന്ത്രിച്ചു ദേവസം പാർക്കിങ്ങിലേക്ക് തിരിച്ചുവിടും.
ഭാരവാഹനങ്ങൾ മാറമ്പിള്ളി ചൊവ്വര പാലങ്ങൾ വഴി വഴിയാണ് യാത്ര ചെയ്യേണ്ടത്. നട തുറപ്പ് ദിവസങ്ങളിൽ വൈകുന്നേരം 5. 15 മുതൽ 6 .15 വരെ വാര്യാട്ടുപുരം ജംഗ്ഷൻ തൃക്കണിക്കാവ് ജംഗ്ഷൻ ശ്രീഭൂതപുരം – എംഎൽഎ ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങൾ തിരുവൈരാണിക്കുളം ഭാഗത്തേക്ക് കടത്തിവിടുന്നതല്ല. 6. 15 മുതൽ 7വരെ മാറമ്പിള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതിയടം ജംഗ്ഷനിൽ നിന്നും വെള്ളാരപ്പിളളി ഷാപ്പ് കവലയിൽ നിന്നും പുതിയേടം തിരുവൈരാണിക്കുളം റോഡ് വഴി കടത്തിവിടുന്നതാണ്.
തിരുവാഭരണ ഘോഷയാത്ര നടക്കുന്ന ദിവസം റോഡിലേക്ക് ഇറങ്ങി ചേർന്നുള്ള ഒരുതരം കച്ചവടവും അനുവദിക്കുന്നതല്ല
ജില്ലാ പോലീസ്’ മേധാവി എം.ഹേമലതയുടെ നിർദ്ദേശാനുസരണം ആലുവ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിൽ പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി ജെ . ഉമേഷ് കുമാർ, ഇൻസ്പെക്ടർ അനിൽ കുമാർ ടി.മേപ്പിള്ളി, ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻ്റ് എ.മോഹൻകുമാർ, സെക്രട്ടറി എ.എൻ മോഹനൻ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
