മേയർ ആവശ്യപ്പെട്ടാൽ 113 ബസുകളും തിരികെ നൽകും: പകരം 150 ബസ് സിറ്റിയിൽ ഇറക്കും.
തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ. തിരുവനന്തപുരം മേയർ 113 ബസുകളും വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചയയ്‌ക്കും. സിഎംഡിക്ക് ഒരു കത്ത് കൊടുത്താൽ മാത്രം മതി. പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും. കോർപ്പറേഷന് വണ്ടികൾ കൊടുത്താൽ കെഎസ്ആർടിസിയുടെ സ്ഥലത്ത് ഇടാൻ സമ്മതിക്കില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.
കോർപ്പറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ എന്ന് പറയാൻ കഴിയില്ല, സ്റ്റേറ്റ് ഷെയർ 500 കോടിയാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ വകയായി 135. 7 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷന്റെ വിഹിതവും സംസ്ഥാന വിഹിതവും സംസ്ഥാന ഖജനാവിൽ നിന്നാണ് പോകുന്നത്. അപ്പോൾ ആ പദ്ധതിയിലെ ഏകദേശം 60ശതമാനം പണവും സംസ്ഥാന സർക്കാരിന്റേതാണ്. 113 വാഹനങ്ങളും കോർപ്പറേഷൻ ഈ രീതിയിൽ വാങ്ങിയതാണ്. മൂന്നു പാർട്ടികളുമായുള്ള എഗ്രിമെന്‍റാണ്. കോർപ്പറേഷനിലെ കെഎസ്ആർടിസി വേറൊരു ജില്ലയിലും ഓടുന്നില്ല. സങ്കീർണമായ സങ്കീർണമായ മെയിന്‍റനന്‍സ് ഉള്ളതുകൊണ്ട് മറ്റൊരു ജില്ലയിൽ നിലവിൽ ഓടിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
