കുപ്രസിദ്ധ മോഷ്ടാവ് പരാതി കുട്ടപ്പൻ പിടിയിൽ

0
KUTTAPPAN
 ആലപ്പുഴ / കുറത്തികാട്: കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി കുറത്തികാട്, കായംകുളം, വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധികളിലെ കായംകുളം പുനലൂർ റോഡിന് സമീപമുള്ള നിരവധി കടകളിൽ വ്യാപകമായി മോഷണം നടത്തി വന്നിരുന്ന പ്രതിയെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കൊല്ലം ജില്ലയിൽ ചവറ തെക്കുംഭാഗം മുരിങ്ങവിളയിൽ വീട്ടിൽ ഷാജി എന്നും, പരാതി കുട്ടപ്പൻ എന്നും അറിയപ്പെടുന്ന മധു (57) വിനെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 14ാം തീയതി കറ്റാനത്തിനു സമീപമുള്ള ഹോട്ടലിൻറെ മുൻവാതിൽ തകർത്ത് പണവും, മൊബൈൽ ഫോണുകളും മോഷണം നടത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ സമീപ ദിവസങ്ങളിൽ കായംകുളം, വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധികളിൽ സമാനരീതിയിൽ മോഷണങ്ങൾ നടന്നിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് മോഷണങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും, മോഷ്ടാവിനെ ദ്രുതഗതിയിൽ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുമായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാറിൻറെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് മോഷണം നടന്ന പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിലും, സമീപകാലയളവിൽ ജയിൽമോചിതരായ മോഷ്ട്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ട്ടാവായ പരാതി കുട്ടപ്പൻ പകൽ സമയങ്ങളിൽ നീണ്ടകര ഹാർബറിൽ തങ്ങി, രാത്രി കാലങ്ങളിൽ ബസ്സിൽ മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തി സൈക്കിളിൽ കറങ്ങി നടന്നാണ് മോഷണം നടത്തിയിരുന്നത്. സിസിടിവി ഉള്ള സ്ഥാപനങ്ങളിൽ പ്രതി മോഷണം നടത്തിയ ശേഷം സിസിടിവിയുടെ ഹാർഡ് ഡിസ്ക്ക് എടുത്തുകൊണ്ടു പോയി നശിപ്പിച്ചു കളയാറാണ് പതിവ്.  നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയതിന് റിമാൻഡിൽ കഴിയവേ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് പ്രതി മോഷണം നടത്തി വന്നിരുന്നത്. കൊല്ലം  ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിൽ പ്രതി ചവറ ഭാഗത്തുണ്ടന്നുള്ള വിവരം ലഭിച്ചതിനാൽ ഒരാഴ്ചയോളം പോലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് നീണ്ടകര ഹാർബർ ഭാഗത്തു നിന്നും പരാതി കുട്ടപ്പൻ എന്ന മധുവിനെ അറസ്റ്റു ചെയ്തത്.
പോലീസിനെ കണ്ട് ഓടിയ പ്രതി കടലിൽ ചാടിയെങ്കിലും സമീപത്തുണ്ടായിരുന്നവരുടെയും, മത്സ്യ തൊഴിലാളികളുടെയും സഹായത്താൽ പോലീസ് പ്രതിയെ കീഴടക്കുകയായിരുന്നു. മോഷണകേസ്സുകളിൽ പിടിയിലാകുന്ന പരാതി കുട്ടപ്പൻ ജാമ്യത്തിലിറങ്ങിയോ, ശിക്ഷ കഴിഞ്ഞിറങ്ങിയോ വീണ്ടും മോഷണം നടത്താറാണ് പതിവ്. കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, ചവറ, ശക്തികുളങ്ങര, തെക്കുംഭാഗം, ഓച്ചിറ, നൂറനാട്, കുറത്തികാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി  25 ഓളം മോഷണ കേസ്സുകളിലെ പ്രതിയാണ് പിടിയിലായത്. കുറത്തികാട് പോലീസ് ഇൻസ്പെക്ടർ എ.വി. ബിജു, എസ്. ഐ. വി. ഉദയകുമാർ, എ.എസ്.ഐ മാരായ രാജേഷ്. ആർ നായർ, രജീന്ദ്രദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ  എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *