പന്തു വീണ് കാറിന്റെ ഗ്ലാസ് തവിടുപൊടി; സിക്സർ പായ്ച്ച് ആർസിബി താരം
ബെംഗളൂരു; വനിതാ പ്രീമിയർ ലീഗിലെ തകർപ്പൻ ബാറ്റിങ്ങിനിടെ, കാറിന്റെ ഗ്ലാസ് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം എലിസ് പെറി. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ യുപി വാരിയേഴ്സിനെതിരായ മത്സരത്തിലാണ് വിദേശ താരത്തിന്റെ സിക്സില്‍ ഡിസ്പ്ലേയ്ക്കു വച്ചിരുന്ന കാറിന്റെ ഗ്ലാസ് തകർന്നത്.
ഗ്ലാസ് തകർന്നതു കണ്ട എലിസ് പെറി തലയിൽ കൈവച്ചു പോയി.കാറിനുണ്ടായ നഷ്ടം പരിഹരിക്കാൻ തനിക്ക് ഇൻഷുറൻസ് പോലും ഇല്ലെന്ന് എലിസ് മത്സരശേഷം തമാശരൂപേണ പ്രതികരിച്ചു.ദീപ്തി ശർമയെറിഞ്ഞ 19–ാം ഓവറിലായിരുന്നു എലിസ് പെറിയുടെ സിക്സർ പിറന്നത്.മത്സരത്തില്‍ 37 പന്തുകൾ നേരിട്ട എലിസ് പെറി 58 റൺസെടുത്തു.നാലു സിക്സുകളും, ഫോറുകളും താരം സ്വന്തമാക്കി.