ജനങ്ങള്‍ക്ക് സല്യൂട്ട് :രാഹുല്‍ ഗാന്ധി

0
RAHUL SING 1

ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ചതിനു കേരളത്തിലെ ജനങ്ങള്‍ക്ക് സല്യൂട്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് നിര്‍ണായകമായ ജനവിധിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നതിന്റെ സൂചനയാണ് ഇതെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

‘നിര്‍ണായകവും ഹൃദയസ്പര്‍ശിയായതുമായ ജനവിധിയാണ് കേരളത്തിലേത്. ജനങ്ങള്‍ക്ക് യുഡിഎഫില്‍ വളര്‍ന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണിത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലേക്ക് വഴിചൂണ്ടുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇതെന്നും’ രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നതെന്ന സന്ദേശമാണ് ജനങ്ങളുടേത്. ഇപ്പോള്‍ നമ്മുടെ ശ്രദ്ധ അചഞ്ചലമാണ്. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നില്‍ക്കുക, അവരുടെ ദൈനംദിന ആശങ്കകള്‍ പരിഹരിക്കുക, സുതാര്യവും ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ ഭരണം ഉറപ്പാക്കുക. എല്ലാ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും അഭിനന്ദനങ്ങള്‍. ഈ വിജയം സാധ്യമാക്കുന്നതിനായി സമര്‍പ്പണവും കഠിനാധ്വാനവും ചെയ്ത ഓരോ പാര്‍ട്ടി നേതാവിനും പ്രവര്‍ത്തകര്‍ക്കും എന്റെ ആത്മാര്‍ഥമായ നന്ദി’ രാഹുല്‍ കുറിച്ചു.

ഫലംവന്ന അഞ്ഞൂറിലധികം പഞ്ചായത്തുകളില്‍ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. 340 പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. ജില്ലാപഞ്ചായത്തുകളില്‍ ഏഴിടങ്ങളിലും കോര്‍പ്പറേഷനുകളില്‍ നാലിടങ്ങളിലും യുഡിഎഫ് കരുത്തുകാട്ടി.തിരുവനന്തപുരത്ത് എന്‍ഡിഎ പിടിച്ചെടുത്തപ്പോള്‍ കോഴിക്കോട് എല്‍ഡിഎഫ് നിലനിര്‍ത്തി.മുനിസിപ്പാലിറ്റികളില്‍ 54 ഇടത്തും യുഡിഎഫിന്റെ തേരോട്ടമാണ്. 28 ഇടത്താണ് എല്‍ഡിഎഫ് മുന്നേറ്റമുള്ളത്. എല്‍ഡിഎഫിന്റെ പലകുത്തക പഞ്ചായത്തുകളും യുഡിഎഫ് തകര്‍ത്ത് തരിപ്പണമാക്കിയാണ് മുന്നേറുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *