ശബരിമല വാർഡിൽ ടോസിലൂടെ വിജയം പിടിച്ച് എൽഡിഎഫ്
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല ക്ഷേത്രമിരിക്കുന്ന റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ വാർഡിൽ എൽഡിഎഫിനു ടോസിലൂടെ ജയം. ബിജെപിയുടെ സിറ്റിങ് സീറ്റിൽ സിപിഎം സ്ഥാനാർഥി പിഎസ് ഉത്തമനാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനർഥിയായി നിന്നത് അമ്പിളി സുജസായിരുന്നു.
ഇരുവർക്കും 268 വോട്ടുകളാണ് കിട്ടിയത്. ഇതോടെയാണ് ടോസ് ഇട്ട് വിജയിയെ പ്രഖ്യാപിച്ചത്.ബിജെപിയുടെ സിറ്റിങ് വാർഡായിരുന്നു ഇത്. ബിജെപിയ്ക്കായി മത്സരിച്ച രാജേഷിന് 232 വോട്ടുകളാണ് കിട്ടിയത്. പെരുനാട് പഞ്ചായത്തിൽ എട്ട് സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. യുഡിഎഫ് നാലിടത്താണ് വിജയം സ്വന്തമാക്കിയത്. എൻഡിഎയ്ക്ക് രണ്ട് സീറ്റുകൾ.
