മെസി വന്നു : കൊല്‍ക്കത്തയില്‍, ഊഷ്മള വരവേല്‍പ്പ്
കൊല്‍ക്കത്ത: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തി. ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരം എത്തിയത്. വിമാനമിറങ്ങിയ മെസിയെ വന്‍ സുരക്ഷയിലാണ് താമസകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.നൂറുകണക്കിന് ആരാധകരാണ് ഫുട്ബോള്‍ ഇതിഹാസത്തെ കാണാന്‍ വിമാനത്താവളത്തിന് പുറത്ത് വൈകീട്ടു മുതല്‍ കാത്തിരുന്നത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ മെസിക്കൊപ്പം അര്‍ജന്റീന താരം റോഡ്രിഗോ ഡി പോള്‍, യുറഗ്വായുടെ ലൂയി സുവാരെസ് എന്നിവരുമുണ്ട്
‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി’ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഗോട്ട് ഇന്ത്യ ടൂര്‍ 2025’ പരിപാടിക്കായാണ് മെസി ഇന്ത്യയില്‍ വിമാനമിറങ്ങിയത്. ശനിയാഴ്ച രാവിലെ ആരാധകരുമായുള്ള മുഖാമുഖത്തോടെയാണ് മെസി ഇന്ത്യയിലെ പരിപാടികള്‍ക്കു തുടക്കം കുറിക്കുന്നത്. കൊല്‍ക്കത്ത ശ്രീഭൂമി സ്പോര്‍ടിങ് ക്ലബ് നിര്‍മിച്ച 70 അടി ഉയരമുള്ള മെസി പ്രതിമയും അദ്ദേഹം അനാവരണം ചെയ്യും.
ഉച്ചയ്ക്കു ശേഷം ഹൈദരാബാദിലേക്കു പോകുന്ന മെസി അവിടെ പ്രദര്‍ശന മത്സരം കളിക്കും. തുടര്‍ന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും തെലുങ്ക് സിനിമാ താരങ്ങള്‍ക്കുമൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കും. പിന്നീട് മുംബൈയിലേക്ക് പോകുന്ന മെസി അവിടെ വിവിധ പരിപാടികളില്‍ സംബന്ധിക്കും. തിങ്കളാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മെസി കൂടിക്കാഴ്ച നടത്തും. 2011 ലാണ് മെസി ആദ്യമായി ഇന്ത്യയിലെത്തുന്നത്.
