ഐഎഫ്എഫ്‌കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും
തിരുവനന്തപുരം: ഐഎഫ്എഫ്‌കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും. എട്ട് ദിവസം തിരുവനന്തപുരത്തെ 16 തീയേറ്ററുകളിലായി 82 രാജ്യങ്ങളില്‍നിന്നുള്ള 206 ചലച്ചിത്രങ്ങള്‍ കാണികള്‍ക്ക് വിരുന്നാകും. 26 വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
വൈകീട്ട് ആറിന് നിശാഗന്ധിയില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ കുക്കു പരമേശ്വരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചിലി സംവിധായകന്‍ പാബ്ലോ ലാറോ മുഖ്യാതിഥിയാകും.
പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളാകും. ചടങ്ങില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സമ്മാനിക്കും. ഉദ്ഘാടന ശേഷം പലസ്തീന്‍ ജനതയുടെ പ്രതിരോധത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളുമായി ‘പലസ്തീന്‍ 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 82 രാജ്യങ്ങളില്‍ നിന്നുള്ള 206 ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
സംവിധായകന്‍ ഷാജി എന്‍. കരുണിനെക്കുറിച്ചുള്ള പുസ്തകം ‘കരുണയുടെ കാമറ’ സാംസ്‌കാരിക മന്ത്രി അനസൂയ ഷാജിക്ക് നല്‍കി പ്രകാശനം ചെയ്യും. ചലച്ചിത്ര മേള കൈപുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആജ്ഞല മോളിന വിയറ്റ്നാമില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകനും ജൂറി അംഗവുമായ ബൂയി തക് ചുയെന് നല്‍കി പ്രകാശിപ്പിക്കും.
