ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് പുതിയ സെക്യൂരിറ്റി ലേബൽ
മദ്യപാനം ആരോഗ്യത്തിനു ഹാനികരം
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങൾ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്‌സ് ലേബലിന്റെ ഏറ്റവും വലിയ സവിശേഷത ട്രാക്ക് ആൻഡ് ട്രെയ്‌സ് സൗകര്യമാണ്. മദ്യ വിതരണ ശൃംഖലയിൽ ട്രാക്ക് ആൻഡ് ട്രേസ് സംവിധാനം നടപ്പിലാക്കുന്നത് ഉൽപ്പന്ന സുരക്ഷയും, കാര്യക്ഷമമായ ഇൻവെന്ററി മാനേജ്മെന്റും ഉറപ്പാക്കും. മദ്യ വിതരണ സംവിധാനം പൂർണമായും തത്സമയം അധികൃതർക്ക് നിരീക്ഷിക്കാനും ഈ സാങ്കേതിക വിദ്യ സൗകര്യമൊരുക്കുന്നു.
ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ ഏത് ഉപഭോക്താവിനും മദ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളും, ഏത് വെയർഹൗസിൽ സൂക്ഷിച്ചുവെന്നും, എപ്പോഴാണ് വിൽപ്പന സ്റ്റോക്കിൽ വന്നത് എന്നുമെല്ലാം അറിയാനാവും. ഉൽപ്പന്നത്തിന്റെ ആധികാരികത ഓരോ ഉപഭോക്താവിനും പരിശോധിച്ച് ഉറപ്പിക്കാനുള്ള സംവിധാനമൊരുക്കുക വഴി വിൽപ്പനയിലെ സുതാര്യത വർധിക്കുന്നു. നികുതി വെട്ടിപ്പ് പൂർണമായും അവസാനിപ്പിക്കാനും സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു. ഹോളോഗ്രാം സി ഡിറ്റാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.