1300 വ്യാജ കമ്പനികൾക്ക് പൂട്ടിട്ട് യു എ ഇ
ദുബൈ: യു എ ഇയിൽ രജിസ്റ്റർ ചെയ്ത വ്യാജസ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന നടത്തി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. അന്വേഷണത്തിൽ 1300 ലേറെ വ്യാജ കമ്പനികൾ കണ്ടെത്തി. ഈ സ്ഥാപനങ്ങളിൽ 2 ജീവനക്കാർ വരെ ഉണ്ടെന്നാണ് രേഖകളിൽ പറയുന്നത്. എന്നാൽ ജീവനക്കാർക്ക് ജോലിയില്ലാതെ തുടരുകയാണെന്ന് കണ്ടെത്തിയാതായും മന്ത്രാലയം അറിയിച്ചു.1800 ഉടമകളുടെ പേരിലാണ് ഇത്രയും സ്ഥാപനങ്ങൾ ആരംഭിച്ചിരിക്കുന്നത്. രജിസ്‌ട്രേഷൻ രേഖകളിൽ പറയുന്നത് പോലെയുള്ള ഒരു പ്രവർത്തനവും ഈ കമ്പനികളിൽ നടക്കുന്നില്ല.
അനധികൃതമായി ആളുകളെ രാജ്യത്തേക്ക് എത്തിക്കാൻ വേണ്ടി ഓരോ കമ്പനികളുടെ പേരിലും വ്യാജമായി തൊഴിൽ വിസ നിർമ്മിച്ചിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി എന്നാണ് റിപ്പോർട്ടുകൾ.വ്യാജമെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഈ കമ്പനികൾക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. നിയമങ്ങൾ ലംഘിച്ച കമ്പനികൾക്ക് 3.4 കോടി ദിർഹത്തിലധികം പിഴ ചുമത്തുകയും ചെയ്തു. സ്ഥാപനത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വർക്ക് പെർമിറ്റുകളും താൽക്കാലികമായി റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.
