ഞൊട്ടയൊടിച്ച് ശബ്ദമുണ്ടാക്കുന്നത് ശരീരത്തിന് ദോഷമാണോ?
നമ്മൾ എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് ഞൊട്ട ഒടിക്കുന്നത്. അതിന് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട, ബോറടിച്ചിരിക്കുമ്പോൾ ചിലർക്ക് ഇതൊരു ശീലമാണ്. എന്നാൽ എപ്പോഴും ഞൊട്ടയൊടിക്കുന്നത് നമ്മുടെ എല്ലുകൾക്ക് ചില തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്. ഇനി ഈ ശീലം ദോഷമാണോ നല്ലതാണോ ശരീരത്തിന് നൽകുന്നതെന്ന് അറിയാം. നമ്മുടെ സന്ധികൾക്കിടയിലുള്ള ഒരു ദ്രാവകമാണ് സിനോവിയൽ ഫ്ലൂയിഡ്. ഈ ദ്രാവകത്തിൽ ഓക്സിജനും കാർബൺഡയോക്സൈഡും ഉണ്ട്. ഇത്തരത്തിൽ ഞൊട്ട ഓടിക്കുമ്പോൾ ഈ ദ്രാവകത്തിലെ പ്രഷർ കുറയുകയും ഇത് വായു കുമിളകളായി മാറുകയും ചെയ്യുന്നു. ആ കുമിളകൾ പൊട്ടുന്ന ശബ്ദമാണ് നമ്മൾ കേൾക്കുന്നത്. ഈ കുമിളകൾ തിരിച്ച് സിനോവിയൽ ഫ്ലൂയിഡിൽ തന്നെ ലയിച്ചു ചേരുകയും ചെയ്യുന്നു. ഇത് നമ്മുടെ സന്ധികൾക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. ഇത് താൽക്കാലികമായ മാനസിക ആശ്വാസം നൽകുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ചെയ്യാം. പക്ഷേ പതിവായി ഇങ്ങനെ ചെയ്യുന്നത് അത്ര നല്ലതല്ലെന്നും ആരോഗ്യവിദഗ്ധർ പറയുന്നുണ്ട്.
