ചിരട്ട വിറ്റ് കാശുണ്ടാക്കാൻ ജയിൽ വകുപ്പ്
കോട്ടയം: ജില്ലാ ജയിലുകളിലും സെൻട്രൽ ജയിലുകളിലും കുന്നുകൂടുന്ന ചിരട്ട വിറ്റ് കാശുണ്ടാക്കാൻ ഒരുങ്ങുകയാണ് ജയിൽ വകുപ്പ്. സംസ്ഥാനത്ത് പല ജില്ലകളിലും ചിരട്ട വിറ്റ് തരക്കേടില്ലാത്ത തുക സമ്പാദിച്ചു തുടങ്ങി. ചിരട്ട വില കിലോക്ക് 40 രൂപയിൽ എത്തിയതോടെ ജയിലുകൾ ചിരട്ട വിൽക്കാൻ കൊട്ടേഷൻ ക്ഷണിച്ചു തുടങ്ങിയിരുന്നു. ഇപ്പോൾ വിലയിൽ അല്പം ഇടിവുണ്ടെങ്കിലും തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് വ്യാപാരികൾ ചിരട്ടയെടുക്കാൻ എത്തുന്നുണ്ട്. ജയിൽ അടുക്കളയിൽ അടുപ്പിൽ കത്തിക്കാൻ എടുക്കുന്ന ചിരട്ടയുടെ കണക്ക് പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തണം. അവശേഷിക്കുന്നവ വിൽക്കാൻ കൊട്ടേഷൻ ക്ഷണിക്കും. കൂടുതൽ കൊട്ടേഷനുകൾ വന്നാൽ ലേലം നടത്തും. ഇതിൽ ലഭിക്കുന്ന തുക സർക്കാർ ട്രഷറിയിലേക്ക് അടയ്ക്കുന്നതാണ്.
