ഓൺലൈൻ തട്ടിപ്പിലൂടെ 16.6 ലക്ഷം തട്ടിയ സംഘത്തിലെ മൂന്നാമത്തെയാളും അറസ്റ്റിൽ
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങിന്റെ പേരിൽ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കാസർഗോഡ് സ്വദേശിയായ പ്രതി അറസ്റ്റിലായി. പരാതിക്കാരനിൽ നിന്നും തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങി ചെക്ക് വഴി പിൻവലിച്ച കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി നിസാമുദീൻ (35 വയസ്സ്) എന്നയാളെയാണ് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. പരാതിക്കാരനെക്കൊണ്ട് വ്യാജ ഷെയർ ട്രേഡിങ്ങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഇതിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും അതിനുശേഷം ആപ്ലിക്കേഷന്റെ ഉപയോഗത്തെ കുറിച്ചും ട്രേഡിംഗിനെ കുറിച്ചും സ്ക്രീൻ ഷോട്ടുകൾ മുഖേന പഠിപ്പിക്കുകയും ചെയ്ത് പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്ത ശേഷം ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽ നിന്നും പണമയച്ചു വാങ്ങുകയും ചെയ്തു. രണ്ടു മാസത്തിനിടയിൽ ഇത്തരത്തിൽ 16.6 ലക്ഷം രൂപയാണ് പരാതിക്കാരൻ പ്രതികൾക്ക് അയച്ചുകൊടുത്തത്.
അയച്ചുകൊടുത്ത പണം വ്യാജ ആപ്പിലെ പരാതിക്കാരന്റെ അക്കൗണ്ടിൽ ലാഭം സഹിതം പ്രദർശിപ്പിച്ചിരുന്നുവെങ്കിലും ഇതിൽ നിന്നും പണം പിൻവലിക്കാൻ കഴിയാതെ വന്നപ്പോൾ പരാതിക്കാരൻ ഇതേക്കുറിച്ചു അന്വേഷിക്കുകയും പണം തിരികെ ലഭിക്കാൻ ഇനിയും കൂടുതൽ പണമടയ്ക്കണമെന്നു തട്ടിപ്പുകാർ അറിയിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരന് ഇത് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 10 നു ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം. പി മോഹനചന്ദ്രൻ IPS നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. നിലവിൽ പരാതിക്കാരന് നഷ്ടമായ തുകയിൽ 4.5 ലക്ഷം രൂപ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി കണ്ടെത്തി മരവിപ്പിക്കാൻ സാധിച്ചിട്ടുള്ളതും ഈ തുക പരാതിക്കാരന് തിരികെ ലഭ്യമാക്കുന്നതിലേക്കുള്ള നടപടികൾ പുരോഗമിക്കുകയുമാണ്.
തുടർന്നുള്ള അന്വേഷണത്തിൽ പരാതിക്കാരന് നഷ്ടമായ തുകയിൽ 1,00,000 രൂപ അറസ്റ്റിലായ പ്രതി തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേയ്ക്ക് അയച്ചു വാങ്ങിയതായും ചെക്ക് ഉപയോഗിച്ച് പിൻവലിച്ചിട്ടുള്ളതായും കണ്ടെത്തി. തുടർന്നു ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പി സന്തോഷ് എം എസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആതിര ഉണ്ണികൃഷ്ണൻ, സിപിഒമാരായ ഗിരീഷ് എസ് ആർ, ജേക്കബ് സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ചെക്ക് വഴി പിൻവലിച്ച പണം കാസർഗോഡ് സ്വദേശിയായ സുഹൃത്തിനു കൈമാറിയതായി ഇയാൾ പോലീസിനോട് പറഞ്ഞു.
ഈ കേസിലേക്ക് മറ്റ് രണ്ടു പ്രതികളെ ആലപ്പുഴ സൈബർ ക്രൈം പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലേക്ക് IP അഡ്രസ്സുകൾ കേന്ദ്രീകരിച്ചും ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു.
