ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് തിരുവനന്തപുരത്ത്
ന്യൂഡൽഹി: തിരുവനന്തപുരം കാട്ടാക്കടയിലെ നെടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമിയിൽ ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് കൈമാറാൻ സുപ്രീംകോടതി അനുമതി നൽകി. ഇതോടൊപ്പം നെടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനായി നൽകാനും സുപ്രീംകോടതി അനുമതി നൽകി. ഡി ആര്‍ ഡി ഓയ്ക്ക് ഭൂമി കൈമാറാനാണ് സുപ്രീംകോടതി കേരള സർക്കാറിന് അനുമതി നൽകിയത്. ബ്രഹ്മോസ് എയ്റോ സ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ വികസനത്തിന്റെ ഭാഗമായി ഭൂമി അനുവദിക്കണമെന്ന് കേരള സർക്കാരിനോട് ഡി ആർ ഡി ഓ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ഹെഡ് കോട്ടേഴ്സ് സ്ഥാപിക്കാൻ 32 ഏക്കർ ഭൂമി കൈമാറാനും സംസ്ഥാന സർക്കാറിനും സുപ്രീംകോടതി അനുമതി നൽകി. നെടുകാൽത്തേരി തുറന്ന ജയിലിന് നിലവിൽ 457 ഏക്കർ ഭൂമിയാണ് ഉള്ളത് ഇതിൽ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയശേഷം ബാക്കിയുള്ള 257 ഭൂമിയാണ് മൂന്ന് വികസന പദ്ധതിക്കായി കൈമാറാൻ പോകുന്നത്.
