രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി : ഡിജിപിക്ക് കൈമാറി കെപിസിസി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി നല്കിയ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനാണ് യുവതി പരാതി നല്‍കിയിരുന്നത്. ഈ പരാതി ഡിജിപിക്ക് കൈമാറിയതായി കെപിസിസി യുവതിയെ അറിയിക്കുകയായിരുന്നു. ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ എംഎല്‍എയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മറ്റൊരു യുവതി കൂടി സമാന ആരോപണവുമായി രംഗത്തെത്തിയത്.
വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചതായും ജീവഭയം കാരണമാണ് ഇക്കാര്യം പൊലീസില്‍ പറയാതിരുന്നതെന്നും 23കാരിയുടെ പരാതിയില്‍ പറയുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കൂടാതെ കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുവതി പരാതി നല്‍കിയിരുന്നു.
സാമൂഹിക മാധ്യമത്തിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടത്. കുടുംബത്തിന്റെ അനുമതിയോടെ വിവാഹത്തിന് തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തുടര്‍ന്ന് സംസ്ഥാനത്തിന് വെളിയിലുള്ള തന്നെ കേരളത്തിലേക്ക് വിളിച്ചുവരുത്തി. നേരിട്ട് പരിചയപ്പെടാന്‍ എന്ന് പറഞ്ഞ് ഹോം സ്റ്റേയില്‍ എത്തിച്ചു. തുടര്‍ന്ന് ഹോം സ്റ്റേയില്‍ വച്ചായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു.
