അബ്ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു
റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. 19 വർഷത്തിലധികം ജയിൽ ശിക്ഷ പൂർത്തിയാക്കിയ അബ്ദുറഹീമിന്റെ അവശേഷിക്കുന്ന ശിക്ഷ കാലയളവിനുമേൽ ഇളവ് നൽകി മാപ്പ് ലഭിക്കാനുള്ള നിരന്തരശ്രമത്തിലാണ് റഹീമിന്റെ അഭിഭാഷകരും ഇന്ത്യൻ എംബസിയും. അദ്ദേഹത്തിന്റെ മോചനത്തിനായുള്ള കേസ് ഫയൽ ഗവർണറേറ്റിൽ നിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീക്കിയതായി വിവരം ലഭിച്ചു. ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും ലഭിച്ചതായി റിയാദിലെ അബ്ദുൽ റഹീം നിയമസഹായ സമിതി അറിയിച്ചു. വിധിപ്രകാരം ശിക്ഷ കാലയളമായ 20 വർഷം 2026 മെയ് 20നാണ് പൂർത്തിയാവുക. സൗദി പൗരന്റെ മരണത്തെ തുടർന്ന് നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചിരുന്ന അബ്ദുറഹീമിന് ദിയധനം നൽകിയതിനാൽ സൗദി കുടുംബം മാപ്പ് നൽകുകയും ഇതോടെ വധശിക്ഷ റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു.
