റേഷൻ വാങ്ങാറുണ്ടോ? ഇല്ലെങ്കിൽ പട്ടികയിൽ നിന്ന് പുറത്താക്കാൻ സാധ്യത
തുടർച്ചയായി മൂന്നുമാസത്തെ റേഷൻ വാങ്ങാത്ത മുൻഗണന വിഭാഗം കാർഡ് ഉടമകളെ പട്ടികയിൽ നിന്ന് പുറത്താക്കാൻ സാധ്യത. ഇതുവരെ 84,566 റേഷൻ കാർഡ് ഉടമകൾ പുറത്തായി. ആലപ്പുഴ ജില്ലയിൽ 7824 പേരാണ് ഇത്തരത്തിൽ മുൻഗണന വിഭാഗത്തിൽ നിന്ന് പുറത്തായിരിക്കുന്നത്. 2021 മെയ് മുതലാണ് അനർഹരെ മുൻഗണന ലിസ്റ്റിൽ നിന്ന് പുറത്താക്കുന്ന നടപടി സംസ്ഥാനത്ത് ആരംഭിച്ചത്. ഇതിനൊപ്പം നിയമവിരുദ്ധമായി മുൻഗണന വിഭാഗത്തിൽ കടന്നുകൂടിയ വരെ കണ്ടെത്തി പുറത്താക്കുന്ന നടപടിയും സംസ്ഥാനത്തും നടക്കുന്നുണ്ട്.

പുറത്തായവർ മതിയായ രേഖകൾ കാണിച്ചാൽ മുൻഗണന വിഭാഗത്തിൽ തുടരാം. അതേസമയം ഇവർക്ക് പകരക്കാരായി മറ്റ് അനർഹരെ പരിഗണിക്കും. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് നടപടി. 1000 അടിക്ക് മുകളിൽ വിസ്തീർണ്ണം ഉള്ള വീടുള്ളവർ, സർക്കാർ അർദ്ധസർക്കാർ ജോലിയുള്ളവർ, പെൻഷൻകാർ, ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ മാസ വരുമാനം ഉള്ളവർ, വിദേശത്ത് ജോലി ചെയ്യുന്നവർ,ഒരേക്കർ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ തുടങ്ങിയവരെ പൊതുവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാദിവസവും സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന സംസ്ഥാനത്ത് നടക്കുന്നുണ്ട്. റേഷൻ വാങ്ങാത്തവരെ കണ്ടെത്തി ഓട്ടോമാറ്റിക്കായി പുറത്താക്കുന്ന പ്രവർത്തനമാണ് നടപ്പിലാക്കിയിരിക്കുന്നത്.
