വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് കരുനാഗപ്പള്ളി പോലീസിൻറെ പിടിയിൽ. തമിഴ്നാട് മധുരൈ മുനിയാണ്ടിപുരം ബാലൻ മകൻ വടിവേലു (45) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. 2024 മാർച്ച് മാസം പാവുമ്പയിലെ വീടിൻറെ അടുക്കള വാതിൽ പൊളിച്ച് അകത്തുകയറി 6 പവനോളം സ്വർണവും 15,000 രൂപയും മോഷണം പോയിരുന്നു. സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ച പോലീസ് സ്ഥലത്തുനിന്നും ലഭിച്ച വിരൽ അടയാളമാണ് കേസിലെ തുമ്പായത്. ലഭിച്ച വിരലടയാളം ശാസ്ത്രീയമായി പരിശോധിച്ചതിൽ തമിഴ്നാട് സ്വദേശി വടിവേലുവിന്റെ താണെന്ന് തിരിച്ചറിഞ്ഞു. തമിഴ്നാട് മധുരയിൽ എത്തിയ പോലീസ് സംഘത്തിന് തിരുട്ട് ഗ്രാമത്തിൽ നിന്നും പ്രതിയെ പിടികൂടൽ ദുസ്സഹമായിരുന്നു.
ദിവസങ്ങളോളം അവിടെ തങ്ങിയ പോലീസ് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയ വടിവേലുവിന് തമിഴ്നാട്ടിൽ മാത്രം 25 ഓളം മോഷണ കേസുകളുണ്ട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന ലോറികളിൽ ജോലിക്കായി വന്നു മോഷണം നടത്തി തിരിച്ച് അതേ ലോറിയിൽ തിരികെ പോകുന്നതാണ് ഇയാളുടെ മോഷണ രീതി. കേരളത്തിലെ പല ഭാഗങ്ങളിലും വടിവേലു ഇത്തരത്തിൽ മോഷണം നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസിന്റെ നിർദ്ദേശത്താൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ അനൂപ്, എസ്ഐമാരായ ഷമീർ, ആഷിഖ്, അമൽ പ്രസാദ്, എസ് സി പി ഓ ഹാഷിം, സരൺ തോമസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് .
