ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിന് സാധ്യത : പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്
ഇസ്‌ലാമാബാദ് : ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഒരു സാഹചര്യത്തിലും ഇന്ത്യയെ അവഗണിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ പാകിസ്ഥാൻ പരമാവധി തയാറെടുപ്പുകളിലും ജാഗ്രതയിലുമാണ്. രാജ്യത്തിന് നേരെയുള്ള അഫ്ഗാന്‍ ആക്രമണങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും ഖ്വാജ ആസിഫ് കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാനിൽ നിന്നടക്കം ആക്രമണങ്ങൾ നടത്താൻ ഇന്ത്യയ്ക്കു കഴിയും. അതൊരു പൂർണമായ യുദ്ധത്തിലേക്ക് പോകാനും സാധ്യതയുണ്ട്. ഒരിക്കലും ഇന്ത്യയെ വിശ്വസിക്കാൻ കഴിയില്ല. അതിര്‍ത്തി ലംഘനങ്ങളോ (അഫ്ഗാനില്‍ നിന്നുള്ള) ആക്രമണങ്ങളോ ഉള്‍പ്പെടെ ഇന്ത്യയില്‍നിന്നുള്ള ഒരു സമ്പൂര്‍ണ്ണ യുദ്ധമോ ശത്രുതാപരമായ തന്ത്രങ്ങളോ തള്ളിക്കളയാന്‍ കഴിയില്ല. അതിനാൽ പാകിസ്ഥാൻ പൂര്‍ണ്ണ ജാഗ്രത പാലിക്കണം. ഖ്വാജ ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും പാക് പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. പാകിസ്ഥാനില്‍ നടന്ന രണ്ട് ചാവേര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ അഫ്ഗാന്‍ പൗരന്മാരാണെന്ന് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവന. രാജ്യത്തെ ആക്രമിക്കുന്ന ഇസ്ലാമിക തീവ്രവാദികളെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം പിന്തുണയ്ക്കുന്നുവെന്ന ആരോപണവും പാകിസ്ഥാൻ ആവര്‍ത്തിച്ചു.
ഓപ്പറേഷൻ സിന്ദൂറിനെ ‘‘88 മണിക്കൂർ നീണ്ട ട്രെയിലർ’’ എന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിശേഷിപ്പിച്ചിരുന്നു. ഇതിനു മണിക്കൂറുകൾക്ക് ശേഷമാണ് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പരാമർശങ്ങൾ. ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് പാകിസ്ഥാൻ ശ്രമിച്ചാൽ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും കരസേനാ മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.
