വധശിക്ഷാ ഉത്തരവ് രാഷ്ട്രീയ പ്രേരിതമെന്ന് ഷെയ്ഖ് ഹസീന
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രക്ഷോഭത്തെ ക്രൂരമായ അടിച്ചമര്‍ത്തിയെന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച ധാക്കയിലെ കോടതി ഉത്തരവ് രാഷ്ട്രീയ പ്രേരിതമെന്ന് ഷെയ്ഖ് ഹസീന. പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യയില്‍ അഭയം തേടിയ മുന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോടായിരുന്നു പ്രതികരണം. വിധി പ്രഖ്യാപിച്ച കോടതിയെ കപട ട്രിബ്യൂണല്‍ എന്നാണ് ഷെയ്ഖ് ഹസീന വിശേഷിപ്പിച്ചത്. നടപടികള്‍ ജനാധിപത്യപരമായിരുന്നില്ല. അവ പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമായിരുന്നു എന്നും ഷെയ്ഖ് ഹസീന പറയുന്നു. കൊലപാതകം, ഉന്മൂലനം, പീഡനം, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പേരിലാണ് ഷെയ്ഖ് ഹസീനയെ വധ ശിക്ഷയ്ക്ക് വിധിച്ചത്.
ഷെയ്ഖ് ഹസീനയ്ക്ക് പുറമെ മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്നാണ് അസദുസ്സമാന്‍ ഖാന് കമാലിനെതിരായ വിധിയിലും ചുമത്തിയിരിക്കുന്ന കുറ്റം. ബംഗ്ലാദേശ് മുന്‍ പോലീസ് മേധാവി ചൗധരി അബ്ദുള്ള അല്‍-മാമുന് അഞ്ച് വര്‍ഷം തടവാണ് കോടതി വിധിച്ചത്. ‘ശരിയായ തീരുമാനത്തിലെത്താന്‍ ട്രൈബ്യൂണലിന് ആവശ്യമായ തെളിവുകള്‍’ ഉള്‍പ്പെടെ നല്‍കിയെന്നുംവിചാരണയുമായി സഹകരിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അല്‍-മാമുന് ഇളവ് നല്‍കുന്നതായി കോടതി വിധിയില്‍ വ്യക്തമാക്കി.
