കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

0
HIGH COURT

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഇടതു സര്‍ക്കാരുകള്‍ വരുമ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നായിരുന്നു പൊതുജനങ്ങളുടെ വിശ്വാസം. എന്നാല്‍ സര്‍ക്കാരും അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് പിന്തുടരുന്നതെന്നും കോടതി വിമര്‍ശിച്ചു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷ് എന്നിവരാണ് പ്രതികള്‍. ഇരുവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി സിബിഐ സര്‍ക്കാരിനെ സമീപിച്ചിരുന്നു. അഴിമതി നിരോധന നിയമം ചുമത്തണമെങ്കില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതുണ്ട്. മൂന്നു തവണ സിബിഐ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

അഴിമതി നടന്നുവെന്ന് സിബിഐക്ക് ബോധ്യപ്പെട്ടെങ്കിലും, സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടില്ല എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യം തള്ളുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് തീരുമാനം പുനഃപരിശോധിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടു.

കേസ് ഹൈക്കോടതി വീണ്ടും പരിഗണിച്ചപ്പോള്‍ പുനഃപരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി. കോടതി നിര്‍ദേശപ്രകാരം പുറത്തിറക്കിയ പുതിയ ഉത്തരവിലും പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിലാണ് ജസ്റ്റിസ് ബദറുദ്ദീന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണ്?. പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടാണ്?. നിയമത്തെ അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാരില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.

അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഉത്തരവില്‍ എഴുതേണ്ടി വരുമെന്ന് കോടതി സൂചിപ്പിച്ചു. ഹര്‍ജി അടുത്തയാഴ്ചത്തേക്ക് മാറ്റി. അതിനകം പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ നടപടി കോടതി നിരീക്ഷിക്കും. ഇല്ലായെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *