കോവിഡിന് ശേഷം ലോകത്തെ ഭീതിയിലാഴ്ത്തി മാരകമായ മാർബഗ് വൈറസ് വ്യാപനം

0
MARBAG VIRUS

എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് വ്യാപനം. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ  സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിലാണ് മാരക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമ്പത് രോ​ഗബാധിതരെയാണ് കണ്ടെത്തിയിട്ടുള്ളത്. 88 ശതമാനം മരണനിരക്കുള്ള വൈറസ് ബാധയാണ് മാർബഗ്. നിലവിൽ പ്രത്യേക ചികിത്സയോ വാക്സിനുകളോ മാർബഗ് വൈറസിനില്ല.

കടുത്ത പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. അസുഖം രൂക്ഷമാകുന്നതോടെ വയറിളക്കം, ചർദി, രക്തസ്രാവം തുടങ്ങിയവയുണ്ടാകും. 1967ൽ ജർമനിയിലെ മാർബഗ്, ഫ്രങ്ക്ഫുർട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്തത്. തുടർന്നാണ് മാർബഗ് വൈറസ് എന്ന പേരു വന്നത്. എബോളക്ക് സമാനമാണ് മാർബഗ് വൈറസും. വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന വൈറസ്, രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെയും ശരീരദ്രവങ്ങളിലൂടെയുമാണ് പകരുന്നത്. രോഗാണുക്കളുള്ള പ്രതലങ്ങളിലൂടെയും പകരാം.

കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നേരത്തെയും മാർബഗ് വൈറസ് വ്യാപനമുണ്ടായിട്ടുണ്ട്. അന്നത്തെ വൈറസിന്റെ അതേ വകഭേദമാണ് എത്യോപ്യയിലും സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ എത്യോപ്യയിൽ നിയോഗിച്ചിട്ടുണ്ടെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.കഴിഞ്ഞ വർഷം റുവാണ്ടയിലും മാർബഗ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പഴംതീനി വവ്വാലുകൾ കഴിഞ്ഞിരുന്ന ഗുഹയിൽ നടത്തിയ ഖനന പ്രവർത്തനത്തിനിടെയാണ് വൈറസ് മനുഷ്യരിലേക്ക് പടർന്നതെന്ന് അന്നു കണ്ടെത്തിയിരുന്നു.  അടുത്ത കാലത്ത് മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലൊന്നും വൈറസ് ബാധയുണ്ടായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *