ശിവപ്രിയയുടെ മരണകാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ

0
SIVAPRIYA

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്നു ചികിത്സയിലിരിക്കെ കരിക്കകം സ്വദേശി ജെ.ആര്‍.ശിവപ്രിയ (26) മരിച്ചത് സ്റ്റഫൈലോകോക്കസ് അണുബാധയെ തുടര്‍ന്നാണെന്നും ആശുപത്രിയില്‍നിന്നാണ് അണുബാധ ഉണ്ടായതെന്നു പറയാന്‍ കഴിയില്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയുടെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഡിഎംഇയ്ക്ക് കൈമാറി.ആശുപത്രിയില്‍ അണുനശീകരണത്തിനുള്ള നടപടികള്‍ കൃത്യമായി പാലിച്ചിരുന്നുവെന്നും അതിന്റെ രേഖകള്‍ പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിവപ്രിയയെ അഡ്മിറ്റ് ചെയ്തിരുന്ന ദിവസം നൂറുകണക്കിനു മറ്റു രോഗികള്‍ ചികിത്സ തേടിയിരുന്നുവെന്നും അവര്‍ക്കാര്‍ക്കും ഇത്തരത്തില്‍ അണുബാധ ഉണ്ടായിട്ടില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി. പ്രസവമുറിയില്‍നിന്ന് സാംപിള്‍ എടുത്തു നടത്തിയ അണുബാധ പരിശോധനാ റിസള്‍ട്ടും നെഗറ്റീവ് ആണ്. ആ സാഹചര്യത്തില്‍ അണുബാധയുടെ ഉറവിടം ആശുപത്രിയാണെന്നു പറയാന്‍ കഴിയില്ലെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തല്‍.കഴിഞ്ഞ 22നായിരുന്നു ശിവപ്രിയയുടെ പ്രസവം. 24ന് എസ്എടിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ എത്തിയശേഷം കടുത്ത പനി ആയിരുന്നു.

26നു ശിവപ്രിയയെ തിരികെ എസ്എടിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കള്‍ചറില്‍ ആണ് അണുബാധ കണ്ടെത്തിയത്. തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റിയെങ്കിലും നവംബര്‍ 9ന് ഉച്ചയോടെ മരിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *