വെട്ടുകാട് തിരുനാൾ കൊടിയേറ്റം
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറ്റം. വൈകീട്ട് 4.30-നു നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ആര്‍ കിസ്തുദാസ് മുഖ്യകാര്‍മികനാകും. ഇടവക വികാരി ഡോ. വൈഎം എഡിസണ്‍ തിരുനാളിനു കൊടിയേറ്റും. 23നാണ് തിരുനാള്‍ അവസാനിക്കുന്നത്.21-ന് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ. സെല്‍വരാജന്‍ ദാസന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയുണ്ടാകും. 22-ന് തിരൂസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും. തിരുനാളിന് സമാപനംകുറിച്ചുകൊണ്ട് 23-ന് വൈകീട്ട് 5.30-ന് പള്ളിയങ്കണത്തില്‍ നടക്കുന്ന തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് ചാക്കയിലെ രാജീവ്ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍നിന്നുമെത്തുന്ന സെസ്ന വിമാനത്തില്‍നിന്ന് പുഷ്പവൃഷ്ടിയും നടത്തും. ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം. 28-ന് വൈകീട്ട് അഞ്ചിനു നടക്കുന്ന ചടങ്ങില്‍ ഇടവക വികാരി കൊടിയിറക്ക് ചടങ്ങ് നടത്തും.
