വിചാരണ തുടങ്ങാനിരിക്കവേ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനൊടുവിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിചാരണ തുടങ്ങാനിരിക്കവേ ഒളിവിൽ പോയ പ്രതി അറസ്റ്റിലായി .കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് എൽ.പി വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയാണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. ചാത്തിനാംകുളം സ്വദേശിയായ സുപ്പ എന്ന് വിളിക്കുന്ന സൽമാൻ റെയ്സി വയസ്സ് 23 ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത് . 2022 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് മാനസിക വിഷമത്തിലായ അതിജീവിത ആത്മഹത്യ ശ്രമം നടത്തുകയും മരണപ്പെടുകയും ചെയ്തു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കിളികൊല്ലൂർ പോലീസ് ഒന്നാം പ്രതിയായ സൽമാൻ റെയ്സിയെയും, രണ്ടാം പ്രതിയായ ഫ്രാൻസിസ് ഫ്രാങ്കോയും അറസ്റ്റ് ചെയ്തു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് വിചാരണ തുടങ്ങാൻ ഇരിക്കവേ ഒന്നാം പ്രതിയായ സൽമാൻ റെയ്സി ഒളിവിൽ പോവുകയായിരുന്നു.
എറണാകുളത്ത് മരടിന് സമീപമുള്ള ഹോട്ടലിൽ അസ്‌ലം എന്ന പേരിൽ ഹോട്ടൽ സ്റ്റാഫായി ടിയാൻ ജോലി നോക്കി വരുകയായിരുന്നു. വളരെ നാളുകളായി അന്വേഷണം നടത്തിയെങ്കിലും ടിയാളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇത്തരത്തിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ഒളിവിൽ പോയവരെ കണ്ടെത്താൻ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ്, കൊല്ലം എ.സി.പി എസ്. ഷെറീഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തു നിന്നും കിളികൊല്ലൂർ എസ്.എച്ച്.ഒ ശിവപ്രകാശും, എസ്.ഐ ശ്രീജിത്തും, സി.പി.ഒ മാരായ ശ്യാംശേഖർ, ബിജീഷ് എന്നിവർ ചേർന്ന് ടിയാനെ അറസ്റ്റ് ചെയ്തത്.
