ബിഹാറിന്റെ ജനമനസ്സ് നാളെയറിയാം
പട്‌ന: നിതീഷ് കുമാറിന്റെ ബിഹാര്‍ ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമോ, അതോ തേജസ്വി യാദവ് പുതിയ യാത്ര ആരംഭിക്കുമോയെന്നത് നാളെ അറിയാം. രണ്ട് ഘട്ടങ്ങളായി നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പൂര്‍ണ ചിത്രം അറിയാന്‍ കഴിയും. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്ന എക്‌സിറ്റു പോളുകളെല്ലാം എന്‍ഡിഎയ്ക്ക് അനുകൂലമാണ്. എന്നാല്‍ വോട്ടെണ്ണുമ്പോള്‍ ചിത്രം മാറുമെന്നാണ് ഇന്ത്യസഖ്യ നേതാക്കള്‍ പറയുന്നത്. ഇത്തവണ റെക്കോര്‍ഡ് പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 71 ശതമാനം സ്ത്രികള്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 1951ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും ഉയര്‍ന്ന പോളിങ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.
ആക്‌സിസ് മൈ ഇന്ത്യ, ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ 121-141 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. 98-118 സീറ്റ് വരെ ഇന്ത്യാസഖ്യം നേടും. മറ്റുള്ളവര്‍ക്ക് 15 സീറ്റ് ലഭിക്കും. ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം അനുസരിച്ച് എന്‍ഡിഎയ്ക്ക് 160 സീറ്റുകള്‍ ലഭിക്കും. ആര്‍ജെഡിക്ക് 77. മറ്റുള്ളവര്‍ക്ക് 6 എന്നിങ്ങനെയാണ്. ആകെ വോട്ടുവിഹിതത്തില്‍ എന്‍ഡിഎയ്ക്ക് ഇത്തവണ 43 ശതമാനം വോട്ട് ലഭിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. മഹാസഖ്യത്തിന് 41 ശതമാനം വോട്ടുവിഹിതം ലഭിക്കുമെന്നും എക്സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ 122 സീറ്റുകള്‍ നേടിയാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാം.
