സിസ്റ്റര്‍ ലൂസി കളപ്പുര ഇനി അഭിഭാഷക

0
LOOSI KULAPPURA

കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ശബ്ദം ഇനി കോടതി മുറികളില്‍ ഉയരും. എല്‍എല്‍ബി പരീക്ഷയില്‍ എഴുപത് ശതമാനം മാര്‍ക്കോടെ ഉന്നത വിജയം നേടിയ സിസ്റ്റര്‍ ഡിസംബര്‍ 20ന് അഭിഭാഷകയായി എന്റോള്‍ ചെയ്യും. കന്യാസ്ത്രീ വിഷയത്തില്‍ ബിഷപ്പിനെതിരെ സംസാരിച്ചതിന് പിന്നാലെ സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.

‘നിയമ പഠനത്തിലേക്ക് തിരിയാന്‍ കാരണം എഫ്‌സിസി സന്യാസിനി സഭയും സഭാനേതൃത്വവുമാണ്.തനിക്കെതിരെ എടുത്ത അന്യായങ്ങളും കേസുകളും അതിന് പ്രേരണയായി. നീതിപീഠങ്ങളുടെ മുമ്പില്‍ നീതിയും സത്യവും ജയിക്കാനുള്ള പോരാട്ടം തുടങ്ങും’മെന്നും സിസ്റ്റര്‍ പ്രതികരിച്ചു.

മാനന്തവാടിയിലെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയില്‍ നിന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പുറത്തുപോകേണ്ടി വന്നത്. 2014നും 2016നും ഇടയില്‍ കോട്ടയം കുറവിലങ്ങാടുള്ള മഠത്തിലെ കന്യാസ്ത്രീയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ബിഷപ്പിനെതിരെ സംസാരിച്ചതിനാണ് സഭ സിസ്റ്റര്‍ ലൂസിക്കെതിരെ തിരിഞ്ഞത്. 2019 ല്‍ പ്രസിദ്ധീകരിച്ച ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന ആത്മകഥയിലൂടെ കന്യാസ്ത്രീ മഠങ്ങളിലെ സന്യാസിനികള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടി.

സഭയുടെ പുറത്താക്കല്‍ നീക്കത്തെ ചെറുത്ത് കോടതി വിധി വഴി ഇന്‍ഞ്ചക്ഷന്‍ നേടി കോണ്‍വെന്റില്‍ താമസിച്ച് കൊണ്ട് എല്‍എല്‍ബി എന്‍ട്രന്‍സ് എഴുതിയാണ് സീറ്റ് നേടിയത്. എറണാകുളം പൂത്തോട്ട ശ്രീനാരായണ ലോ കോളജിലാണ് സിസ്റ്റര്‍ എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കിയത്. 2022-25 ബാച്ച് വിദ്യാര്‍ത്ഥിനിയായിരുന്നു. കണ്ണൂര്‍ കരിക്കോട്ടക്കരി കുഞ്ഞേട്ടന്‍ റോസ ദമ്പതികളുടെ മകളാണ് റിട്ട. അധ്യാപിക കൂടിയായ ലൂസി കളപ്പുര.

Spread the love

Leave a Reply

Your email address will not be published. Required fields are marked *