ശാസ്ത്രോത്സവം : മലപ്പുറത്തിന് കിരീടം
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി. ആതിഥേയരായ പാലക്കാട് രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. 1548 പോയിന്റും 21 ഒന്നാം സ്ഥാനങ്ങളുമായാണ് മലപ്പുറത്തിന്റെ കിരീടധാരണം. തുടരെ മൂന്നാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കുന്നത്. പാലക്കാടിനും കണ്ണൂരിനും 1487 പോയിന്റുകളാണ്. എന്നാൽ ഒന്നാം സ്ഥാനങ്ങളുടെ എണ്ണത്തിൽ കണ്ണൂരിനെ പിന്തള്ളിയാണ് പാലക്കാട് രണ്ടാം സ്ഥാനം ഉറപ്പിച്ചത്.
17 ഓന്നാം സ്ഥാനങ്ങളാണ് പാലക്കാടിന്. കണ്ണൂരിന് 16 ഒന്നാം സ്ഥാനങ്ങൾ.സബ്ജില്ലകളിൽ മാനന്തവാടിയാണ് ഓവറോൾ കിരീടം സ്വന്തമാക്കിയത്. 580 പോയിന്റുകളാണ് അവർക്ക്. സുൽത്താൻ ബത്തേരി 471 പോയിന്റുമായി രണ്ടാമതും 410 പോയിന്റുമായി കട്ടപ്പന മൂന്നാമതും എത്തി. സ്കൂളുകളിൽ വയനാട് ദ്വാരക സേക്രഡ് ഹാർട്ട് എച്എസ്എസിനാണ് കിരീടം. കാഞ്ഞങ്ങാട് ദുർഗ എച്എസ്എസ് രണ്ടാം സ്ഥാനവും ഇടുക്കി കൂമ്പൻപാറ എഫ്എംജിഎച്എസ്എസ് മൂന്നാം സ്ഥാനവും നേടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷ് ഐഎഎസ് ട്രോഫികൾ സമ്മാനിച്ചു.
