നന്ദി പറഞ്ഞ് വൈകാരിക കുറിപ്പുമായി ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടന്നു. അതിനിടെ, വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മേയര്‍ ആര്യ രാജേന്ദ്രന്. പാര്‍ട്ടിക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് ആര്യയുടെ കുറിപ്പ്. ജീവിതത്തിലെ ഈ അഞ്ച് വര്‍ഷം അതിപ്രധാനമാണെന്നും ഇനി ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാനുള്ള കരുത്ത് ഈ കാലത്തിനിടെ ഞാന്‍ നേടിയിട്ടുണ്ടെന്നും ആര്യ പറയുന്നു.
വ്യക്തി അധിക്ഷേപം മുതല്‍ നട്ടാല്‍ കുരുക്കാത്ത നുണകളുടെ കോട്ടകളെല്ലാം തകര്‍ത്ത് ഈ നാട്ടിലെ ജനങ്ങള്‍ എന്നെ സംരക്ഷിച്ചതും എന്റെ പാര്‍ട്ടി എന്നെ ചേര്‍ത്ത് നിര്‍ത്തിയതും ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. എത്രയോ ജീവിത സാഹചര്യങ്ങള്‍, എത്രയോ കരുതലുകള്‍, എത്രയോ സ്നേഹബന്ധങ്ങള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ സ്വയം മനസ്സിലാക്കിയ നിമിഷങ്ങള്‍ ഈ അഞ്ച് വര്‍ഷങ്ങള്‍ക്ക് ഇടയിലുണ്ട്. നാം അനുഭവിച്ച ജീവിത സാഹചര്യങ്ങളെക്കാള്‍ പ്രയാസമേറിയ ജീവിത സാഹചര്യങ്ങളിലെ മനുഷ്യരെ കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന തീരുമാനങ്ങള്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത അത്രയും കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും അഭിപ്രായവും നിര്‍ദ്ദേശവും കേട്ട് ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്ന നിലവാരത്തിലേക്ക് നഗരത്തെ ഉയര്‍ത്താന്‍ സാധിച്ചു. രാജ്യത്ത് ആദ്യമായി സുസ്ഥിര വികസനത്തിനുള്ള UN-Habitat അവാര്‍ഡ് നമ്മുടെ നഗരത്തിന് ലഭിക്കുമ്പോള്‍ എന്റെ പേരിനൊപ്പം ‘തിരുവനന്തപുരം ഇന്ത്യ’ എന്ന് വിളിച്ചത് ഇപ്പോഴും അഭിമാനത്തോടെ ഓര്‍ക്കുകയാണ്. മികച്ച നഗരസഭ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും,കേന്ദ്ര സര്‍ക്കാരിന്റെയും തുടങ്ങി വിവിധ അവാര്‍ഡുകള്‍ ചരിത്രത്തിലാദ്യമായി നമ്മുടെ നഗരത്തിന് നേടാനായി. അതിന് നേതൃത്വം നല്കാന് ഈ ഭരണസമിതിയ്ക്ക് സാധിച്ചു എന്നതില്‍ അഭിമാനമുണ്ട് ആര്യ പറയുന്നു.
തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക എല്‍ഡിഎഫ് പ്രഖ്യാപിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന് മത്സരരംഗത്തില്ല. 101 സീറ്റുകളില്‍ 93 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മറ്റ് എട്ട് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
