ഡല്‍ഹിയില്‍ സ്ഫോടനം : അയല്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്ത് നിര്‍ത്തിയിട്ട കാറിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ഒന്‍പത് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും പ്രധാന സ്ഥലങ്ങളിലെല്ലാം അതീവ ജാഗ്രതാ നിര്‍ദേശം നല്കി. മുംബൈ, ലഖ്നൗ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
അതേസമയം, ഡല്‍ഹി സ്ഫോടനത്തില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരുടെ നിലഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രാത്രി ഏഴുമണിയോടെ മെട്രോ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രണ്ടുകാറുകള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നെന്നും തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നെന്നുമാണ് വിവരം.
ഉഗ്രസ്ഫോടനം ഉണ്ടായതിന് പിന്നാലെ ആ നിമിഷം തങ്ങളെല്ലാം കൊല്ലപ്പെടുമെന്ന് തോന്നിയതായി ദൃക്സാകിഷികള് പറഞ്ഞു, സ്ഫോടനത്തിന് ശേഷം നടുറേഡില്‍ ശരീരഭാഗങ്ങള്‍ ചിതറികിടക്കുന്നത് കണ്ടതായും പ്രദേശത്തെ കടയുടമ പറഞ്ഞു. എന്റെ ജീവിതത്തില്‍ ഒരിക്കലും ഇത്രയും വലിയ ശബ്ദമുള്ള സ്ഫോടനം ഞാന്‍ കേട്ടിട്ടില്ല. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഞാന്‍ മൂന്ന് തവണ വീണുപോയി. എല്ലാവരും മരിച്ചുപോകുമെന്ന് തോന്നി കടയുടമ പറഞ്ഞു.
ചെങ്കോട്ട മെട്രോസ്റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. കാറിന് സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂര്‍ണമായും തകര്‍ന്നു. മുപ്പതികലധികം വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.വിവരമറിഞ്ഞ് ഡല്‍ഹി അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് മെട്രോസ്റ്റേഷന് പരിസരം പൂര്‍ണമായും പൊലീസിന്റെ നിയന്ത്രണത്തിലാക്കി. മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പരിശോധന നടത്താനായി ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
