ബംഗളൂരു- എറണാകുളം വന്ദേഭാരത് : മടക്ക യാത്ര ടിക്കറ്റുകൾ തീർനന്നത് അതിവേഗം
ബംഗളൂരു: കെഎസ്ആർ ബംഗളൂരു- എറണാകുളം വന്ദേഭാരത് റിസർവേഷൻ തുടങ്ങി. അതിവേഗം ടിക്കറ്റുകളും വിറ്റു തീർന്നു. എറണാകുളത്തു നിന്നുള്ള മടക്ക യാത്ര ടിക്കറ്റുകളാണ് അതിവേഗം തീർന്നത്. ഇരു വശത്തേക്കുമുള്ള ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ട്. ബംഗളൂരുവിൽ നിന്നു എറണാകുളം വരെ ചെയർകാറിൽ (സിസി) ഭക്ഷണം ഉൾപ്പെടെ 1655 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ (ഇസി) 3015 രൂപയുമാണ് നിരക്ക്.
ഈ മാസം 11 മുതലാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. മടക്ക സർവീസിന്റെ ടിക്കറ്റുകളാണ് അതിവേഗം വിറ്റു തീർന്നത്. 8 കോച്ചുകളുള്ള ട്രെയിനിൽ 7 ചെയർ കാറുകൾ. ഒരു എക്സിക്യൂട്ടീവ് ചെയർകാർ എന്നിവയിലാണ് 600 പേർക്ക് യാത്ര ചെയ്യാം. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.
ചെയർകാറിൽ അടിസ്ഥാന നിരക്കായി 1144 രൂപയ്ക്കൊപ്പം 40 രൂപ റിസർവേഷൻ, 45 രൂപ സൂപ്പർ ഫാസ്റ്റ്, 62 രൂപ ജിഎസ്ടി, 364 രൂപ കേറ്ററിങ് നിരക്ക് എന്നിവ കൂടി നൽകണം. ഇസിയിൽ കാറ്ററിങ് നിരക്ക് 419 രൂപയാണ്. ഭക്ഷണം വേണ്ടാത്തവർക്ക് കേറ്ററിങ് നിരക്കിൽ ഇളവ് ലഭിക്കും.എറണാകുളം ജങ്ഷൻ- കെഎസ്ആർ ബംഗളൂരു വന്ദേഭാരതിന്റെ ചെയർകാറിൽ 1615 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2980 രൂപയുമാണ് നിരക്ക്. കാറ്ററിങ് ചാർജ് യഥാക്രമം 323 രൂപയും 384 രൂപയുമാണ്.
ടിക്കറ്റ് നിരക്ക്: കെഎസ്ആർ ബംഗളൂരു- എറണാകുളം വന്ദേഭാരത് (26651)
ചെയർകാർ, ബ്രാക്കറ്റിൽ എക്സിക്യൂട്ടീവ് ചെയർകാർ
സേലം 850 രൂപ (1580), ഈറോഡ് 960 (1800), തിരുപ്പുർ 1040 (1960), കോയമ്പത്തൂർ 1115 (2120), പാലക്കാട് 1195 (2275), തൃശൂർ 1340 (2580), എറണാകുളം 1655 (3015).
ടിക്കറ്റ് നിരക്ക്: എറണാകുളം- കെഎസ്ആർ ബംഗളൂരു വന്ദേഭാരത് (26652)
തൃശൂർ 440 രൂപ (830), പാലക്കാട് 605 (1145), കോയമ്പത്തൂർ 705 (1340), തിരുപ്പുർ 790 (1515), ഈറോഡ് 865 (1670), സേലം 965 (1855), കെആർ പുരം 1600 (2945), ബംഗളൂരു 1615 (2980).
സ്റ്റോപ്പുകൾ, സമയം
കെഎസ്ആർ ബംഗളൂരു- എറണാകുളം: രാവിലെ 5.10നു ബംഗളൂരുവിൽ നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.50നു എറണാകുളത്തെത്തും. കെആർ പുരം 5.25, സേലം 8.13, ഈറോഡ് 9, തിരുപ്പുർ 9.45, കോയമ്പത്തൂർ 10.33, പാലക്കാട് 11.28, തൃശൂർ 12.28.
എറണാകുളം- കെഎസ്ആർ ബംഗളൂരു: ഉച്ച കഴിഞ്ഞ് 2.20നു പുറപ്പെട്ട് രാത്രി 11നു ബംഗളൂരുവിലെത്തും. തൃശൂർ 3.17, പാലക്കാട് 4.35, കോയമ്പത്തൂർ 5.20, തിരപ്പുർ 6.03, ഈറോഡ് 6.45, സേലം 7.18, കെആർ പുരം 10.23, ബംഗളൂരു 11.00.
